Caution


Saturday, September 19, 2015

മുത്തുസ്വാമിദീക്ഷിതരുടെ നോട്ടുസ്വരം

ശ്യാമളേ മീനാക്ഷി



കമലാസനവന്ദിതപാദാബ്‌ജേ



മേളകര്‍ത്താരാഗപട്ടിക തയ്യാറാക്കിയ വെങ്കിടമഖിയുടെ ശിഷ്യന്‍ രാമസ്വാമിദീക്ഷിതരുടെ മൂന്നാമത്തെ മകന്‍ ആയിരുന്ന ബാലുസ്വാമിദീക്ഷിതര്‍ വാദ്യോപകരണ സംഗീതത്തില്‍ തല്പരനായിരുന്നു.

കര്‍ണ്ണാടകസംഗീതത്തിലേക്കു പാശ്ചാത്യസംഗീതത്തിന്റെ പ്രവേശനം

മണാലിയിലെ സമീന്ദാര്‍ ആയിരുന്ന മുദ്ദുകൃഷ്ണമുതലിയാല്‍ അന്നത്തെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനിയുമായി ഒരു ദ്വിഭാഷി എന്ന നിലയില്‍ വളരെ അടുപ്പത്തിലായിരുന്നു. സംഗീതത്തില്‍ തല്പരനായിരുന്ന ഇദ്ദേഹം ആണു രാമസ്വാമിദീക്ഷിതരെ മണാലിയിലേക്കു കൊണ്ടുവന്നതു്. അദ്ദേഹത്തിന്റെ കാലശേഷം ഈസ്റ്റിന്ത്യാകമ്പനിയുടെ ദ്വിഭാഷി ആയി അദ്ദേഹത്തിന്റെ മകന്‍ ചിന്നസ്വാമി എന്നറിയപ്പെട്ടിരുന്ന വെങ്കിടകൃഷ്ണമുതലിയാല്‍ സ്ഥാനമേറ്റു. സംഗീതത്തില്‍ അതീവതല്പരനായിരുന്ന അദ്ദേഹം മുത്തുസ്വാമിദീക്ഷിതരുമായി (1775-1835) ബ്രിട്ടീഷുസൈന്യത്തിന്റെ ബാന്റുമേളം കേള്‍ക്കുവാനായി സെന്റ് ജോര്‍ജ്ജ് കോട്ട സ്ഥിരം സന്ദര്‍ശിക്കുമായിരുന്നു. ബാഗ്‌പൈപ്പ്, ഡ്രംസ്, ഫ്ലൂട്ട് തുടങ്ങിയ ഏറിഷ് സംഗീതോപകരണത്തില്‍ താല്പര്യം ജനിച്ച മുത്തുസ്വാമിദീക്ഷിതര്‍ തന്റെ അനിയനായ ബാലുസ്വാമിദീക്ഷിതരെ പാശ്ചാത്യസംഗീതം അഭ്യസിക്കുവാന്‍ ചിന്നസ്വാമിമുദലിയാരോടു ശുപാര്‍ശ ചെയ്തതിന്‍ പ്രകാരം ഒരു വിദേശി ഗുരുവിന്‍ കീഴില്‍ ബാലുസ്വാമി ദീക്ഷിതര്‍ വയലിന്‍ പഠിച്ചുതുടങ്ങി.
മുത്തുസ്വാമിദീക്ഷിതരുടെ ശിഷ്യനായിരുന്ന വടിവേലുവും പാശ്ചാത്യസംഗീതരീതിയില്‍ വയലിന്‍ വായിക്കുവാന്‍ ഫ്രെഡറിക് ഷ്വാര്‍സ് എന്ന വിദേശിയില്‍ നിന്നും പഠിച്ചിരുന്നു. സ്വാതിതിരുനാളിന്റെ സംഗീതസദസ്സിലെ ഒരംഗമായി പില്‍ക്കാലത്തു വടിവേലു അറിയപ്പെട്ടിരുന്നു.
ഇവര്‍ രണ്ടു പേരും പാശ്ചാത്യസംഗീതം വായിക്കുന്നതു കേട്ടുകഴിഞ്ഞപ്പോള്‍ ലിമ്മറിക്, കാസ്റ്റിലിയന്‍ മേയ്‌‍‍ഡ്, വോ ലേ വോ ഡാന്‍സര്‍സ്, റീല്‍, ഗോഡ് സേവ് ദി ക്യീന്‍ തുടങ്ങി അന്നു നിലവിലുണ്ടായിരുന്ന അനേകം പാശ്ചാത്യസംഗീതകൃതികളുടെ സ്വരസഞ്ജയങ്ങള്‍ക്കു മുത്തുസ്വാമിദീക്ഷതര്‍ സംസ്കൃതത്തിലും തെലുങ്കിലും സാഹിത്യ പകര്‍ന്നു ഉടലെടുത്തതാണു് 30-ല്‍പരം നോട്ടുസ്വരകീര്‍ത്തനങ്ങള്‍. ഈ കൃതികളില്‍ എല്ലാം മുത്തുസ്വാമിദീക്ഷിതരുടെ മുദ്രയായ 'ഗുരുഗുഹ' അടങ്ങിയിട്ടുണ്ടു്. മുത്തുസ്വാമിദീക്ഷിതരുടെ മറ്റു കീര്‍ത്തനങ്ങള്‍ രചിക്കപ്പെട്ടതു് ഈ നോട്ടുസ്വരങ്ങള്‍ക്കു ശേഷമാണെന്നു പറയപ്പെടുന്നു. ഇവയ്ക്കെല്ലാം ജതിസ്വരങ്ങളുടെ ഛായ ഉണ്ടെങ്കിലും നോട്ടുസ്വരം എന്ന പ്രയോഗം ആണു് ഇവയ്ക്കു കുറച്ചു കൂടി അനുയോജ്യം.
കര്‍ണ്ണാടകസംഗീത കച്ചേരികളില്‍ വയലിന്‍ ഉപയോഗിച്ചുതുടങ്ങുന്നതിനും മേല്‍വിവരിച്ച സംഭവങ്ങള്‍ നിമിത്തമായി.

നോട്ടുസ്വരകൃതികള്‍

പാശ്ചാത്യസംഗീതത്തിലെ നോട്ടും കര്‍ണ്ണാടകസംഗീതത്തിലെ സ്വരവും സംഗമിച്ചുടലെടുത്ത സംഗീതശാഖയായി നോട്ടുസ്വരത്തെ കാണേണ്ടിയിരിക്കുന്നു.
നോട്ടുസ്വരങ്ങള്‍ ശങ്കരാഭരണം രാഗത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നു പറയുന്നതു പൂര്‍ണ്ണമായും ശരിയല്ല. പാശ്ചാത്യസംഗീതത്തില്‍ C Major ശ്രുതിയില്‍ ഉള്ള സ്വരസ്ഥാനങ്ങള്‍ ശങ്കരാഭരണത്തിന്റേതാണെങ്കിലും ശങ്കരാഭരണത്തില്‍ വരുന്ന ഗമകപ്രയോഗങ്ങള്‍ നോട്ടുസ്വരങ്ങളില്‍ ഇല്ല.

ആഞ്ജനേയംസദാ
ഇിംഗ്ലീഷ്‌നോട്ട്
കമലാസനവന്ദിത (playful tune of "Galopede" folk dance)
കാഞ്ചീശം ("Country dance")
ഗുരുഗഹപാദ
ഗുരുഗുഹസരസിജ
ഗുരുമൂര്‍ത്തിബഹുകീര്‍ത്തി
ചിന്തയാചിന്ത
ചിന്തയാംസദാ
ജഗദീശഗുരുഗുഹ "Lord Mac Donald's Reel)
ദാശരതേ
ദീനബന്ധോ
പങ്കജമുഖ
പരദേവതേഭവ
പാര്‍വ്വതീപതേ
പാഹിദുര്‍ഗ്ഗേ
പാഹിമാംജാനകിവല്ലഭ
പീതവര്‍ണ്ണംഭജേ (Persian verse & English Jingle)
മായെചിത്‌കലേ
മുചകുണ്ടവരദ
രാജീവലോചനം
രാമചന്ദ്രംരാജീവാക്ഷം (English song"Let us lead a life of pleasure")
രാമജനാര്‍ദ്ദന
വന്ദേമീനാക്ഷി (ഒരു വീഡിയോ കൂടി) (Irish melody "Limerick")
വരദരാജപാഹിവിഭോ
വരശിവബാലം ("Castilian Maid" by Thomas Moore)
വാഗ്ദേവിമാമവ
ശക്തിസഹിതഗണപതിം (song "voleuz vous dancer")
ശങ്കരവരപങ്കജകര
ശൗരിവിധിനുതേ (English song "oh whistle and I will come to you")
ശ്യാമളേമീനാക്ഷി (French tune "Ah! Vous diral je" Twinkle Twinkle Little Star)
സകലസുരവിനുത (tune of "Quick March")
സദാശിവജായേ
സന്തതംഗോവിന്ദരാജം
സന്തതംപാഹിമാം (British national anthem "God save the queen")
സന്താനസൗഭാഗ്യ
സാമഗാനപ്രിയേ
സുബ്രഹ്മണ്യംസുരസേവാബ്ജപദം (regimental march of Grenadiere guards of the British army "British Grenadiere")
സോമസ്കന്തം
ഹേമയേമാം

തെലുങ്കിലും സംസ്കൃതത്തില്‍ മുത്തുസ്വാമി എഴുതിയ കൃതികളുടെ കൈയെഴുത്തുപ്രതികള്‍ പില്‍ക്കാലത്തു് ഉദ്ദേശം 1832-ല്‍ കുപ്പയ്യ ശേഷയ്യ എന്നീ രണ്ടു പ്രസിദ്ധഗായകര്‍ ചേര്‍ന്നു ചാള്‍സ് ഫിലിപ്പ് ബ്രൗണ്‍ എന്ന ഈസ്റ്റിന്ത്യകമ്പനിയിലെ ഉദ്യോഗസ്ഥനു കൈമാറി. ഇവയെ 'ജതിസ്വരമുലു' എന്ന പേരില്‍ സംഗീതവിദ്യാര്‍ത്ഥികള്‍ അഭ്യസിച്ചുപോന്നു. "Europian Airs", "Oriental music in staff notations"എന്നീ പേരില്‍ ഇവ വിദേശികള്‍ ആസ്വദിച്ചുപോന്നു.

മധുര മണി അയ്യരുടെ ഇംഗ്ലീഷ് നോട്ട്

ശ്രീബാലുസ്വാമിദീക്ഷിതരുടെയും ശ്രീവടിവേലുവിന്റെയും സ്വരസമൂഹങ്ങളും ശ്രീമുത്തുസ്വാമിദീക്ഷതരുടെ സാഹിത്യവും ചേര്‍ന്നുടലെടുത്ത നോട്ടുസ്വരകീര്‍ത്തനങ്ങള്‍ പ്രചരിപ്പിച്ചതില്‍ പ്രധാന പങ്കു വഹിച്ചതു് ശ്രീ മധുര മണിഅയ്യര്‍ ആണു്. ശ്രീ മധുര മണിഅയ്യരുടെ നോട്ടുസ്വരങ്ങള്‍ എന്നു് ഇവയെ പ്രതിപാദിക്കുന്നതു് പൂര്‍ണ്ണമായും ശിരയല്ല.



 ശ്രീ മധുര മണിഅയ്യരുടെ ഇംഗ്ലീഷ് നോട്ടെന്ന പേരില്‍ പ്രസിദ്ധമായ ഗാമമരിഗപരിഗസാ എന്ന നോട്ടുസ്വരങ്ങള്‍ രചിച്ചതു ശ്രീ ഹരികേശനല്ലൂര്‍ മുത്തയ്യാ ഭാഗവതരാണെങ്കിലും അതു പ്രചരിപ്പിക്കുക മാത്രമാണു ശ്രീ മധുര മണിഅയ്യര്‍ ചെയ്തതു്

ദുര്‍ഗ്ഗാസ്ഥുതി - എം സൗമ്യ



കന്നിക്‌സ് കന്നികേശ്വരന്റെ ഗവേഷണം

മദ്രാസിലെ ജോര്‍ജ്ജ്ടൗണില്‍ കുട്ടിക്കാലത്തു സംഗീതം അഭ്യസിക്കുന്ന വേളകളില്‍ പാരിസ് കോര്‍ണറിലെ അമ്പലങ്ങളില്‍ നോട്ടുസ്വരങ്ങള്‍ കേട്ടു വളര്‍ന്ന കന്നികേശ്വരന്‍ പില്‍ക്കാലത്തു വിദേശത്തുവച്ചു മക്കളെയും അവരുടെ കൂട്ടുകാരെയും നോട്ടുസ്വരങ്ങള്‍ പഠിപ്പിച്ചിരുന്നു. നോട്ടുസ്വരങ്ങളില്‍ കുട്ടികള്‍ പ്രകടിപ്പിച്ച താല്പര്യം അതിനെപ്പറ്റി പഠനം നടത്തുവാന്‍ സംഗീത സംവിധായകനും 'The American School of Indian Art' ന്റെ സ്ഥാപനും ആയ കന്നികേശ്വരനെ പ്രേരിപ്പിച്ചു. അതിന്റെ അനന്തരഫലം ആയി അദ്ദേഹം പുറത്തിറക്കിയ 'Vismaya - Nottuswara Sahitya of Dikhitar' എന്ന പേരില്‍ പുനരാവിഷ്കരിച്ച ദീക്ഷിതരുടെ 39 കൃതികള്‍ CD ആയി ഇന്നു ലഭ്യമാണു്. അദ്ദേഹത്തിന്റെ മകള്‍ വിധിത ആലപിച്ച ഗാനങ്ങള്‍ക്കു് വിദേശ ഓര്‍ക്കസ്ട്രേഷന്‍ ആണു നല്‍കിയിരിക്കുന്നതു്. വിദേശ ട്യൂണുകള്‍ക്കു കര്‍ണ്ണാടകസംഗീതവുമായുള്ള ബന്ധം വിദേശികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ടത്രേ. മദ്രാസ് IITയിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണു് കന്നികേശ്വരന്‍.

ഇവിടെ ചില ഭാഗങ്ങള്‍ കേള്‍ക്കാം
.

1 comment:

  1. ഒരുപാട് തിരക്കിനിടയിൽ, താല്പര്യം കൊണ്ട് മാത്രം, ഈയിടെ ശാസ്ത്രീയ സംഗീതം അഭ്യസിക്കുവാൻ തുടങ്ങിയയാളാണ് ഞാൻ..
    അതും അഞ്ചും,ആറും വയസ്സുള്ള കൊച്ചു കുട്ടികൾക്കൊപ്പം !
    എന്താണ് സത്യത്തിൽ ശ്രുതി എന്ന് ഇതു വരെ ഒരു പിടിത്തം കിട്ടിയില്ലാരുന്നു.. ഇപ്പോൾ കാര്യങ്ങൾ തെളിഞ്ഞു വരുന്നു..
    ഈ ബ്ലോഗ് ഒരു അനുഗ്രഹമായി.. സരളി വരിശകൾ തൊട്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നെങ്കിൽ എന്നു വളരെ ആശിച്ച് പോയി..
    മലയാളത്തിൽ ആധികാരികമായി എന്നാൽ ലളിതമായി ഇത്തരം കാര്യങ്ങൾ വിശദീകരിക്കും പുസ്തകങ്ങ്ൾ നിർദ്ദേശിക്കാമോ സാർ?

    - സൂര്യ

    ReplyDelete

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.