Caution


Wednesday, September 2, 2015

ഗമക പ്രയോഗങ്ങള്‍



ആദ്യമായി സംഗീതം അഭ്യസിക്കുന്ന ഒരു വിദ്യാര്‍ത്ഥി സംഗീതത്തിന്റെ ബാലപാഠങ്ങള്‍ മായാമാളവഗൗളരാഗത്തില്‍ പഠിക്കുമ്പോള്‍ ശ്രുതിസ്ഥാനം ഉറച്ചു കിട്ടുവാന്‍ സ്വരങ്ങള്‍ എല്ലാം ഗമകങ്ങള്‍ ഇല്ലാതെയാണു അഭ്യസിക്കുന്നതു്. മറ്റു രാഗങ്ങള്‍ പഠിച്ചു തുടങ്ങുമ്പോള്‍ മാത്രമേ ഗമക പ്രയോഗങ്ങള്‍ അവന്‍ പഠിച്ചു തുടങ്ങുന്നുള്ളു. ഒരു സ്വരത്തെ അതിന്റെ ഉറച്ച ശ്രുതിസ്ഥാനത്തില്‍ നിന്നും അല്പം വ്യത്യസ്തമായി തൊട്ടടുത്ത ദ്വാദശസ്വരശ്രുതിസ്ഥാനത്തെ തൊടാതെയോ അടുത്തതോ അകലെയുള്ളതോ ആയ മറ്റൊരു ശ്രുതിസ്ഥാനത്തെ തൊട്ടോ ചലിപ്പിക്കുന്നതാണു ഗമകം. എങ്കിലും അടിസ്ഥാന ശ്രുതിസ്ഥാനം കൈവിടാതെ വേണം ഗമകപ്രയോഗങ്ങള്‍ ആലപിക്കുവാന്‍. അതായതു ഗമകപ്രയോഗങ്ങള്‍ ശ്രുതിയ്ക്കൊരലങ്കാരമായി വേണം ആലപിക്കുവാന്‍.

ഉദാഃ മായാമാളവഗൗള രാഗം വയലിനില്‍ വായിക്കുമ്പോള്‍.
ഷഡ്‌ജ-ശുദ്ധഋഷഭ ഇടവേളയും, പഞ്ചമ-ശുദ്ധധൈവത ഇടവേളയും, അന്തരഗാന്ധര-ശുദ്ധമധ്യമ ഇടവേളയും, കാകളിനിഷാദ-മേല്‍ഷഡ്‌ജ ഇടവേളയും വളരെ ചെറുതും ശുദ്ധഋഷഭ-അന്തരഗാന്ധാര ഇടവേളയും, ശുദ്ധധൈവത-കാകളിനിഷാദ ഇടവേളയും വളരെ കൂടുതലും അന്തരഗാന്ധാരം-മധ്യമ ഇടവേള അല്പം മാത്രം കൂടുതലും ആണു്. ആരോഹണത്തിലെ ഗമകം പരിശോധിക്കാം. ഋഷഭത്തില്‍ തുടങ്ങി അല്പം മുകളിലോട്ടു വിരലോടിച്ചു തിരിച്ചു ഋഷഭത്തില്‍ വന്നു നിര്‍ത്തിയാണു ഋഷഭം വായിക്കുന്നതു്. അതു തന്നെ മധ്യമത്തിനും ധൈവതത്തിനും ബാധകമാണു്. ഗാന്ധാരത്തിനു അല്പം താഴത്തു നിന്നു വിരല്‍ ഓടി ഗാന്ധാരത്തിലെത്തി നില്‍ക്കുന്ന രീതിയിലാണു് ഗാന്ധാരം വായിക്കേണ്ടതു്. നിഷാദവും അതു പോലെ തന്നെ. അവരോഹണത്തിലെ ഗമകം മറ്റൊരു രീതിയിലാണു്. നിഷാദത്തിനും ഗാന്ധാരത്തിനും വിരല്‍ അതിന്റെ ശ്രുതിസ്ഥാനത്തു നിലകൊണ്ടു വിറപ്പിക്കുന്നു. ശ്രുതിസ്ഥാനത്തിനു അല്പം മുകളില്‍ തുടങ്ങി വിരല്‍ ശ്രുതിസ്ഥാനത്തു വന്നു നില്‍ക്കുന്ന രീതിയാവണം ധൈവതത്തിനും മധ്യമത്തിനും ഋഷഭത്തിനും പ്രയോഗിക്കാന്‍. ഷഡ്‌ജവും പഞ്ചമവും അചലസ്വരങ്ങള്‍ തന്നെ.

മായാമാളവഗൗളയിലെ മറ്റു ഗമകപ്രയോഗങ്ങള്‍ കാണുവാന്‍ മുകളില്‍ കൊടുത്തിരിക്കുന്ന വീഡിയോ ശ്രദ്ധിക്കുക.

ഗമകപ്രയോഗങ്ങള്‍ പല ശ്രുതിസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്നുവെങ്കിലും ഒരൊ സ്വരത്തിന്റെയും അടിസ്ഥാന ശ്രുതിസ്ഥാനം ധ്വനിപ്പിച്ചായിരിക്കണം അവ പ്രയോഗിക്കുവാന്‍.

ഒരു ചക്രത്തിലെ 6 രാഗങ്ങളില്‍ പൂര്‍വ്വാംഗസ്വരങ്ങള്‍ ഒന്നു തന്നെയാണെങ്കിലും ഓരോന്നിലെയും വ്യത്യസ്തഗമകപ്രയോഗങ്ങള്‍ ഓരോ രാഗത്തിനും അതാതു രാഗഛായാവ്യക്തിത്വം നല്‍കുന്നു.

തൊട്ടു ചേര്‍ന്നു വരുന്ന സ്വരങ്ങളില്‍ താഴത്തെ സ്വരത്തിനു ഗമകപ്രയോഗം അസാദ്ധ്യമാണെങ്കിലും താഴത്തെ സ്വരത്തെ വേര്‍തിരിച്ചറിയുവാന്‍ ഗമകം ഇല്ലാതെ ശ്രുതിശുദ്ധമായി ആ സ്വരം നീട്ടി പാടാവുന്നതാണു്. ഉദാഃ ഖരഹരപ്രിയയിലെ ഋഷഭ-ഗാന്ധാരവും ധൈവത-നിഷാദവും. ഇതും ഒരു തരം ഗമക പ്രയോഗമായിട്ടാണു വിവരിക്കപ്പെടുന്നതു്.

സ്വരങ്ങള്‍ തമ്മിലുള്ള ഇടവേളകള്‍ കൂടുതലാണെങ്കില്‍ അവ എല്ലാത്തിലും ഗമകപ്രയോഗങ്ങള്‍ സാദ്ധ്യമാണു്. ഉദാഃ സര്‍വ്വസ്വരഗമകരാഗമായ കല്യാണി.

സമ്പൂര്‍ണ്ണ രാഗങ്ങളുടെ ജന്യരാഗങ്ങളില്‍ ചേര്‍ന്നു വരുന്ന സ്വരങ്ങളില്‍ രണ്ടാമത്തെ സ്വരം വര്‍ജ്ജ്യമായി വരുമ്പോള്‍ ജനകരാഗത്തില്‍ ഗമകം ഇല്ലാത്ത സ്വരത്തിനു ജന്യരാഗത്തില്‍ ഗമകസാദ്ധ്യത വരുന്നു. ഉദാഃ ഖരഹരപ്രിയയില്‍ ജന്യമായ ഷാഡവരാഗം ദേവമനോഹരിയില്‍ ഗാന്ധാരം വര്‍ജ്ജ്യമാണു്. അതിനാല്‍ ജനകരാഗത്തില്‍ നിന്നും വ്യത്യസ്തമായി ദേവമനോഹരിയില്‍ ഋഷഭത്തിനു ഗമകം ആവാം.

ഒരു ശ്രുതിസ്ഥാനത്തു നിലനിന്നു കൊണ്ടു വിരല്‍ വിറപ്പിച്ചോ ഒരു ശ്രുതിസ്ഥാനത്തു നിന്നു അടുത്ത ശ്രുതിസ്ഥാനം വരെ എത്താതെ അല്‍പം വഴുതിയോ തന്തിവാദ്യോപകരണങ്ങളില്‍ ഗമകപ്രയോഗങ്ങള്‍ ആവാം. സ്ഥാനം വഴുതി വായിക്കുമ്പോള്‍ ആരോഹണത്തില്‍ അടിസ്ഥാന ശ്രുതി സ്ഥാനത്തു തുടങ്ങി മുകളിലോട്ടും അവരോഹണത്തില്‍ അടിസ്ഥാനശ്രുതിസ്ഥാനത്തിനു മുകളില്‍ തുടങ്ങി ശ്രുതിസ്ഥാനത്തു അവസാനിച്ചും വേണം ഗമകം പ്രയോഗിക്കാന്‍. എന്നാല്‍ ഒരു ഗായകന്‍ പാടുമ്പോള്‍ ഗമകങ്ങള്‍ കുറച്ചു കൂടി വ്യത്യസ്ത രീതിയില്‍ ആണു് ആലപിക്കപ്പെടുന്നതു്.

ഒരു സ്വരത്തെ താരദിശയിലേക്കുയര്‍ത്തി ഉദ്‌ഗാട, മന്ദ്രദിശയിലേക്കു താഴ്‌തി നിഷാട, ബലപ്പെടുത്തി വൃദ്ധി എന്നീ സാവേദകാലഗമക പ്രയോഗങ്ങള്‍ ഇന്നും കര്‍ണ്ണാടകസംഗീതത്തില്‍ പാലിച്ചു പോരുന്നു.

പ്രഭാതവേളകളില്‍ നെഞ്ചിനുള്ളില്‍ നിന്നും സിംഹഗര്‍ജ്ജനം പോലെയും, മദ്ധ്യാനത്തില്‍ കണ്ഠത്തില്‍ നിന്നും കിളിനാദം പോലെയും, സന്ധ്യയ്ക്കു് ശിരസ്സില്‍ നിന്നും വേണം നാദം ഉത്ഭവിക്കാന്‍. ഗാനത്തിലെ ചില വാക്കുകള്‍ മരംചാടിക്കുരങ്ങന്റെ ആട്ടം പോലെ ആലപിക്കുമ്പോള്‍ മറ്റു ചിലതു് അമ്മയുടെ ചുംബനം പോലെ ഹൃസ്വമോ, പുഷ്പം വിരിയുന്ന പോലെ മന്ദമോ, ഓടിത്തളര്‍ന്ന കുതിരയുടെ കിതപ്പു പോലെയോ, റാകിപ്പറക്കുന്ന ചെമ്പരുന്തിനെപ്പോലെയോ, വേദനിപ്പിക്കാതെ തന്റെ കുഞ്ഞിനെ കടിച്ചുതൂക്കുന്ന പെണ്‍പുലിയെപ്പോലെയോ, മദമിളകിയ ആനയെപ്പോലെയോ ഉച്ചരിക്കാവുന്നതാണു്. വാക്കുകള്‍ വ്യക്തവും ശുദ്ധവും എന്നാല്‍ ഇമ്പമേറിയ രീതിയിലും ആയിരിക്കണം.

വീണയും ഓടക്കുഴലും ഗായകനും ലയിച്ചു പാടുന്നതിനു രക്ത എന്നാണു പറയപ്പെടുന്നതു്. സ്വരങ്ങളും ശ്രുതിയും പൂര്‍ണ്ണം ആയിരിക്കണം. കണ്ഠവും നെഞ്ചും ശിരസ്സും ഇണങ്ങുന്നതിനു അലംകൃത എന്നും, വ്യക്തതയ്ക്കു പ്രസന്ന എന്നും, മുഴക്കുന്നതിനു വികൃഷ്ടയെന്നും, നിയമവിധേയം പാടുന്നതിനു ശ്ലാഖ്നയെന്നും, അവ്യക്തവാക്കുകളെ വ്യക്തമാക്കുന്നതിനു സുകുമാരയെന്നും പണ്ടു കാലത്തു തന്നെ വിവരിച്ചു പോന്നിരുന്നു.

ആരോഹണം
സ്വരങ്ങളെ ഒന്നിനു പുറകെ ഒന്നായി ക്രമമായി ഉയര്‍ത്തി പാടുന്നതു്.
ഉദാ: സരിഗമപധനിസ

അവരോഹണം
സ്വരങ്ങളെ ഒന്നിനു പുറകെ ഒന്നായി ക്രമമായി താഴ്‌ത്തി പാടുന്നതു്.
ഉദാ: സനിധപമഗരിസ

ഡാല്‍
സ്വരങ്ങളെ താഴെ ആരംഭിച്ചു് പെട്ടെന്നുയര്‍ത്തുന്ന രീതി
ഉദാ: സപാ സമാ സഗാ സരി

ധാട്ടു
ഒരു സ്വരത്തില്‍ നിന്നും തുടങ്ങി അടത്ത സ്വരത്തെ തൊടാതെ മറ്റു സ്വരങ്ങളിലേക്കു ചാടി ആലപിക്കുന്ന രീതി
ഉദാഃ സഗ സമ സപ സധ സനി സ^സ

സ്പുരിതം
സ്വരങ്ങളെ ഇരട്ടിച്ചു പാടുന്ന രീതി.
ഉദാ: സസ രിരി ഗഗ പപ ധധ നിനി

കമ്പിതം
ഒരു സ്വരത്തെ വേഗത്തില്‍ വിറപ്പിച്ചു പാടുന്നതിനു കമ്പിതം അല്ലെങ്കില്‍ ഒരു സ്വരത്തെത്തന്നെ തുടര്‍ച്ചയായി പാടുന്ന രീതി അല്ലെങ്കില്‍ ഒരു ശ്രുതിയില്‍ തന്നെ ആഴത്തില്‍ വിശ്രമിക്കുന്ന രീതി
ഉദാ: പ പ പ ധ ധ ധ നി നി നി

ആഹതം
ആരോഹണക്രമത്തില്‍ ഒരു സ്വരത്തോടൊപ്പം അടുത്ത സ്വരത്തെക്കൂടി ധ്വനിപ്പിച്ചു പാടുന്ന രീതി
ഉദാ: സരി രിഗ ഗമ മപ പനി / രിഗരി ഗമഗ മപമ പധപ ധനിധ നി^സനി

പ്രത്യാഹതം
ആഹതത്തിന്റേതു് പോലെ അവരോഹണത്തില്‍
ഉദാ: സനി നിധ ധപ പമ മരി / ^സനി^സ നിധനി ധനിധ പധപ മപമ ഗമഗ രിഗരി സരിസ

ത്രിപുച്ഛം
അനുക്രമമായി ഒരേ സ്വരത്തെ മൂന്നു പ്രാവശ്യം ആവര്‍ത്തിക്കുന്ന രീതി
ഉദാ: സരിസപപ സരിസധധ സരിസ നിനി

ത്രിഭിന്നം
വാദ്യോപകരണങ്ങളില്‍ മൂന്നു ഭിന്നസ്വരങ്ങളെ ഒരുമിച്ചു പാടുന്ന രീതി
ഉദാഃ ശ്രുതിയായി സപസ ഹര്‍മോണിയത്തില്‍ പാടുന്ന രീതി

ആന്ദോളം
ഊഞ്ഞാലാട്ടുന്ന പോലത്തെ പ്രയോഗം
ഉദാ: സരിസമാമ സരിസപാപ സരിസധാധ

മൂര്‍ച്ഛന
ആരോഹവരോഹണ ക്രമത്തില്‍ രാഗത്തിന്റെ ഛായയെ അവതരിപ്പിക്കുന്ന രീതി

തിരിപ്പ
ഡമരുവില്‍ ഉത്ഭവിക്കുന്നതു പോലെ ഒരു സ്വരത്തെ ചുഴലി പോലെ ചുരുണ്ടുതിരിയുന്നതിനു തിരിപ്പ

ലീന / ജാരു
ഒരു സ്വരത്തെ അടുത്ത ശ്രുതിസ്ഥാനവുയി ഇഴുകി ചേരുന്ന രീതി

ഉല്ലസിതം
ആരോഹണക്രമത്തിലുള്ള ശ്രുതിസ്ഥാനത്തു തൊടുന്ന രീതി

പ്ലവിതം
ശ്രുതിസ്ഥാനത്തു നിന്നും മാറാതെ സ്വരത്തെ വിറപ്പിച്ചു പാടുന്ന രീതി

മുദ്രിതം
വായടച്ചു പിടിച്ചു ശ്രുതി വ്യത്യസ്തപ്പെടുത്തുന്ന രീതി

നമിതം
ശ്രുതിസ്ഥാനത്തെ താഴേക്കു വളച്ചെടുക്കുന്ന രീതി

മിശ്രിതം
വാക്യാര്‍ത്ഥം പോലെ ഗമകങ്ങളുടെ മിശ്രിതം

ഗമകം അചലസ്വരങ്ങളില്‍
പ്രകൃതിസ്വരങ്ങളായ ഷഡ്ജവും പഞ്ചമവും അചലസ്വങ്ങളാണെങ്കിലും അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ നേരിയ ഗമകഛായ കണ്ടെന്നു വരാം. ഉദാഹരണത്തിനു് ഹംസധ്വനി രാഗത്തില്‍ നീഷാധത്തില്‍ നിന്നും പഞ്ചമത്തിലേക്കു് അവരോഹണം നടത്തുമ്പോള്‍ പഞ്ചമത്തിനു് നേരിയ ഗമകം വരാമെങ്കിലും പഞ്ചമം ക്ലിപ്തമായി അതിന്റെ സ്ഥാനത്തു് തന്നെ വന്നവസാനിക്കും. എന്നാല്‍ ആരോഹണത്തില്‍ പഞ്ചമത്തിനു് ഗമകം ഇല്ല താനും.



ഗമകവരികരാഗങ്ങള്‍
ഒരു രാഗത്തിലെ ചില സ്വരങ്ങള്‍ക്കു് ഗമകം വരുന്ന രാഗങ്ങള്‍.

സര്‍വ്വസ്വരഗമകരാഗങ്ങള്‍
അധവാ മുക്താഗകകമ്പിതരാഗം, അധവാ സമ്പൂര്‍ണ്ണകമ്പിതരാഗം
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.