Caution


Wednesday, June 3, 2015

താനരൂപി | 6-മതു മേളകര്‍ത്താരാഗം | 1-മതു ചക്രം ഇന്ദു

മേളകര്‍ത്താപദ്ധതിയിലെ ആറാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ഒന്നാമത്തെ ചക്രം ഇന്ദുചക്രത്തിലെ ആറാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം തനുകീര്‍ത്തി
പൂര്‍വ്വാംഗസ്വരങ്ങള്‍ കനകാംഗിയുടേതു്
(ഇന്ദുചക്രത്തിലെ കനകാംഗി, രത്നാംഗി, ഗാനമൂര്‍ത്തി, വനസ്പതി, മാനവതി, താനരൂപി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ കനകാംഗിയുടേതാണു്)
ചക്രത്തിലെ ആറാമത്തെ രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ ചലനാട്ടയുടെ സ്വരങ്ങള്‍
പ്രത്യേകത : രണ്ടു വിവാദിസ്വരങ്ങള്‍ അടങ്ങിയ രാഗം
പ്രതിമധ്യമരാഗം : രഘുപ്രിയ




നാമവിശേഷം

താനരൂപി എന്നാല്‍ സംഗീതത്തിലെ താനം സ്വരൂപം ആയിരിക്കുന്ന ശിവന്‍ എന്നാണു് അര്‍ത്ഥമാക്കുന്നതു്.‍ കടപയാദി പദ്ധതി പ്രകാരം ത=6 ന=0, 60 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 06-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം (ചതുശ്രുതി ഋഷഭത്തിന്റെ സ്ഥാനത്തു് ഗാന്ധാരം പാടുന്ന രീതി), ശുദ്ധമധ്യമം, പഞ്ചമം, ഷഡ്‌ശ്രുതിധൈവതം (കൈശികിനിഷാദത്തിന്റെ സ്ഥാനത്തു് ധൈവതം പാടുന്നതു്), കാകളിനിഷാദം എന്നിവയാണു് സ്വരസ്ഥാനങ്ങള്‍.

ഈ രാഗത്തില്‍ വരുന്ന ശുദ്ധഗാന്ധാരവും ഷഡ്‌ശ്രുതിധൈവതവും വിവാദിസ്വരങ്ങളാണു്. 5-മത്തെ രാഗം മാനവതിയെ അപേക്ഷിച്ചു് താനരൂപിയില്‍ വ്യത്യാസം വരുന്നതും ഷഡ്‌ശ്രുതിധൈവതം തന്നെ.

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'താനരൂപിനം ത്വാം ഭജന്തി യേ താരമുപദിഷംസ്താരയസി‍' എന്ന ഭാഗം താനരൂപിയില്‍ ചിട്ടപ്പെടുത്തിയതാണു്. മേളകര്‍ത്താരാഗമാലിക ആലപിക്കുമ്പോള്‍ താനരൂപിയോടു കൂടി ഇന്ദു ചക്രം അവസാനിക്കുകയാണു്. അതിനാല്‍ മേളകര്‍ത്താരാഗമാലികയുടെ പല്ലവി '|| പ്രണതാര്‍ത്ഥിഹരപ്രഭോ പുരാരേ പ്രണവരൂപ സമ്പതേ പദേ | പ്രണമാമി ശ്രീ പ്രകൃതിപ്രേരക പ്രമദഗണപതേ പദേ പദേ ||' ശ്രീരാഗത്തില്‍ പാടിയതിനു ശേഷമാണു അടുത്ത ചക്രമായ നേത്രചക്രത്തിലേക്കു കടക്കുന്നതു്.
ശ്രീമുത്തുസ്വാമിദീക്ഷിതരുടെ 'ചിദംബര നടരാജമൂര്‍ത്തിം'
ശ്രീബാലമുരളികൃഷ്ണയുടെ 'ശ്രീരാമ സദാ ഭജേഹം'
72 മേളങ്ങളിലും കൃതികള്‍ രചിച്ചിട്ടുള്ള ശ്രീകോടീശ്വരയ്യരുടെ 'വാ വേലവ വാ'

ജന്യരാഗങ്ങള്‍

തനുകീര്‍ത്തി - സരിമപനിസ - സനിധപമഗമരിസ

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.