Caution


Sunday, July 26, 2015

ചതുര്‍ദണ്ഡിപ്രകാശിക | വെങ്കിടമഖി

പതിനേഴാം നൂറ്റാണ്ടില്‍ മൈസൂരിലെ ഒരു കന്നടബ്രാഹ്മണ കുടുംബത്തിലെ ഗോവിന്ദ ദീക്ഷിതരുടെയും (തഞ്ചാവൂരിലെ നായക രാജാവിന്റെ മന്ത്രിയും സംഗീതസുധയുടെ കര്‍ത്താവും) നാഗാംബയുടെയും ഏഴു മക്കളില്‍ ഒരാളായി പിറന്ന വെങ്കിടമഖിന്‍ എന്ന വെങ്കിടേശ്വര ദീക്ഷിതര്‍ അധവാ വെങ്കടധ്വരി സംഗീതവും തര്‍ക്കശാസ്ത്രവും വ്യാകരണശാസ്ത്രവും മീമാംസയും അഭ്യസിച്ചതു തന്റെ ജ്യേഷ്ഠസഹോദരനായ യഗ്നനാരായണ ദീക്ഷിതരില്‍ നിന്നുമായിരുന്നു. പണ്ഡിതനായ യഗ്നനാരായണന്‍ എഴുതിയതാണു 'രഘുനാഥവിലാസ' എന്ന നാടകവും 'രഘുനാഥഭൂപവിജയ' എന്ന ചമ്പുകാവ്യവും 'ശിത്യനത്നാകര' എന്ന സംസ്ക്രതവ്യാകരണവും. ദാനപ്പചാരിയാര്‍ എന്ന വെങ്കിട ശര്‍മ്മയായിരുന്നു വെങ്കിടമഖിയുടെ പില്‍ക്കാല ഗുരു. മീമാംസ പണ്ഡിതനായിരുന്ന വെങ്കിടമഖി അതിനെക്കുറിച്ചൊരു ലേഖനവും വൃതികാഭരണ എന്നൊരു ഗ്രന്ഥവും രചിച്ചിരുന്നു. തിരുവരൂര്‍ ത്യാഗരാജ സ്വാമിയെ സ്തുതിച്ചു കൊണ്ടുള്ള 24 അഷ്ടപതിയും തന്റെ ഗുരുവായ വെങ്കിടശര്‍മ്മയെ സ്തുതിച്ചു കൊണ്ടുള്ള ഒരു ഗീതവും വെങ്കിടമഖി രചിച്ചിട്ടുണ്ടു്. അക്കാലത്തു മൈസൂര്‍ വാണിരുന്ന വിജയരാഘവ ഭൂപാള ആയിരുന്നു വിങ്കിടമഖിയുടെ സംഗീത തപസ്സ്യയ്ക്കു പ്രോത്സാഹനം നല്‍കിയിരുന്നതു്.

നായക രാജസദസ്സിലെ മന്ത്രിയും വെങ്കിടമഖിയുടെ ശിഷ്യനുമായിരുന്ന നീലകണ്ഠദീക്ഷിതര്‍ ഒരു കവി കൂടി ആയിരുന്നു. മധുരമീനാക്ഷിയെക്കുറിച്ചു അദ്ദേഹം എഴുതിയ ഒരു കവിതയാണു 'കാവ്യശിവലീലാര്‍ണ്ണവ'

സംഗീത ചരിത്രം തിരുത്തിക്കുറിച്ച ഒരു കൃതിയായിരുന്നു വെങ്കിടമഖിയുടെ ചതുര്‍ദണ്ഡി പ്രകാശിക (1650 AD). മേളങ്ങള്‍ക്കു പിതാവായ (കര്‍ത്താവായ) എന്ന അര്‍ത്ഥം വരുന്ന മേളകര്‍ത്താരാഗങ്ങള്‍ 72 എണ്ണമായി ക്രോഡികരിച്ച ആള്‍ എന്ന നിലയില്‍ വെങ്കിടമഖി എന്നും സ്മരിക്കപ്പെടും. നാളതു വരെ പ്രചാരത്തിലുണ്ടായിരുന്ന രാഗങ്ങളെ എല്ലാം 72 അടിസ്ഥാന ഷോഡശസ്വരസ്ഥാനങ്ങളുടെ കീഴില്‍ ക്രോഡികരിച്ചു ചിട്ടപ്പെടുത്തിയതിന്റെ കീര്‍ത്തി വെങ്കിടമഖിക്കു മാത്രം അവകാശപ്പെട്ടതാണു്.

വീണ, ശ്രുതി, സ്വരം, മേളം, രാഗം, ആലാപനം, തായം, ഗീതം, പ്രബന്ധം, താളം എന്നീ10 ഖണ്ഡിക അഥവാ പ്രകാരണ ആയി സംസ്കൃത്തില്‍ എഴുതപ്പെട്ട ഈ കയ്യെഴുത്തുപ്രതിയുടെ അവസാനത്തെ ഖണ്ഡികയായ താളപ്രകരണ പൂര്‍ണ്ണമായും ഒമ്പതാമത്തെ ഖണ്ഡിക പ്രബന്ധം ഭാഗികമായും നഷ്ടപ്പെട്ടുവെന്നു പറയപ്പെടുന്നു. പ്രധാന ലേഖനത്തിനൊടു ചേര്‍ന്നുള്ള അനുബന്ധം എന്ന ഭാഗത്തിലാണു വെങ്കിടമഖിയെപ്പറ്റിയുള്ള വിവരണം ലഭ്യമായിട്ടുള്ളതു്. 1200 വരികള്‍ മാത്രമാണത്രെ ലഭ്യമായുള്ളതു്.

വങ്കിടമഖിയുടെ ചതുര്‍ദണ്ഡിപ്രകാശികയെപ്പറ്റി ശ്രീനിവാസറാവു പറയുന്നതിങ്ങനെയാണു് -

01 വീണപ്രകരണ
ആദ്യത്തെ ഖണ്ഡിക വീണയെപ്പറ്റിയാണു്. ശുദ്ധമേളവീണ,മധ്യമേളവീണ, രഘുനതേന്ദ്രവീണ എന്നീ മൂന്നു തരം വീണയെപ്പറ്റിയും രണ്ടുതരം ശ്രുതിചേര്‍ക്കലിനെപ്പറ്റിയും വെങ്കിടമഖി പറയുന്നുണ്ടു്. പ്രാദേശികമായി വീണവായനയില്‍ നാലു സമ്പ്രദായങ്ങളുണ്ടു്. തഞ്ജാവൂര്‍, ആന്ധ്ര, മൈസൂര്‍, കേരള. ഇവ നാലിലും തന്തികള്‍ മീട്ടുന്ന രീതിയും ഗമകപ്രയോഗവും വ്യത്യസ്ത രീതിയിലാണു്. രണ്ടു തരത്തില്‍ ശ്രുതി ചേര്‍ക്കാം. സര്‍വ്വരാഗമേളവീണയില്‍ ശ്രുതികല്‍ക്കു പ്രത്യേകം സ്ഥാനം കല്പിച്ചിട്ടുണ്ടു്. ഏകരാഗമേളവീണയില്‍ ഒരു പ്രത്യേകരാഗം മാത്രം മീട്ടാവുന്ന രീതിയിലും. രഘുനതേന്ത്രമേളവീണ എന്ന മൂന്നാമതൊരു സമ്പ്രദായത്തില്‍ നാലാമത്തെ തന്തിയ്ക്കു മൂന്നു സ്ഥായികള്‍ക്കു പ്രത്യേകം സ്ഥാനം കല്പിച്ചിട്ടുണ്ടു്.

02. ശ്രുതിപ്രകരണ
ഈ ഖണ്ഡികയില്‍ സപ്തസ്വരങ്ങളെപ്പറ്റിയും 22 ശ്രുതിസ്ഥാനങ്ങളെപ്പറ്റിയും വെങ്കിടമഖി വിവരിക്കുന്നു. 22 ശ്രുതിസ്ഥാനങ്ങള്‍ തമ്മിലുള്ള ഇടവേളകള്‍ തുല്യമല്ല. മേളകര്‍ത്താരാഗപട്ടികയില്‍ വെങ്കിടമഖി സ്വീകരിച്ചിരിക്കുന്നതു് 16 ഷോഡശസ്വരസ്ഥാനങ്ങളാണു്.

03. സ്വരപ്രകരണ
ഈ ഖണ്ഡികയില്‍ ശുദ്ധസ്വരങ്ങളെപ്പറ്റിയും വികൃതസ്വരങ്ങളെപ്പറ്റിയും ആണു വെങ്കിടമഖി വിവരിക്കുന്നതു്. മുഖാരി രാഗത്തെ അടിസ്ഥാനപ്പെടുത്തി സമപ എന്നിവയ്ക്കു 4 ശ്രുതിസ്ഥാനങ്ങളും, ഗനി എന്നിവയ്ക്കു 2 ശ്രുതിസ്ഥാനങ്ങളും, രിധ എന്നിവയ്ക്കു 3 ശ്രുതിസ്ഥാനങ്ങളുമാണു കല്പിച്ചിരിക്കുന്നതു്.

സാധാരണഗാന്ധാരം, അന്തരഗാന്ധാരം, വരാളിമധ്യമം, കൈശികിനിഷാദം, കാകളിനിഷാദം എന്നിവയാണു വികൃതിസ്വരങ്ങളായി വെങ്കിടമഖി വിശേഷിപ്പിക്കുന്നതു്. ശുദ്ധസ്വരങ്ങളും വികൃതസ്വരങ്ങളും തമ്മിലുള്ള ഇടവേളകള്‍ മാറുന്നതിനനുസരിച്ചു ശുദ്ധസ്വരങ്ങള്‍ക്കും വികൃതസ്വരങ്ങള്‍ക്കും മാറ്റം സംഭവിക്കും എന്നാണു വെങ്കിടമഖി പറയുന്നതത്രേ. വാദി-സംവാദി സ്വരങ്ങളെപ്പറ്റിയും ഗമകപ്രയോഗങ്ങളെപ്പറ്റിയും ഉദാഹരണസഹിതം വെങ്കിടമഖി ഇതില്‍ വിവരണമുണ്ടു്.

04. മേളപ്രകരണ

വെങ്കമഖിയുടെ മേളകര്‍ത്താരാഗപദ്ധതിയെപ്പറ്റിയുള്ള വിവരണം വരുന്നതു ഈ അദ്ധ്യായത്തിലാണു്.

[വെങ്കിടമഖിയുടെ കാലത്തിനു മുമ്പേ ശിലപ്പതികാരത്തിന്റെ കാലത്തു തന്നെ ഒരു സ്ഥായിയില്‍ 22 ശ്രുതിസ്ഥാനങ്ങള്‍ വേര്‍തിരിച്ചിരുന്നു. എന്നാല്‍ ശുദ്ധഗാന്ധാരം ചതുശ്രുതിഋഷഭത്തിനും, ഷഡ്‌ശ്രുതിഋഷഭം സാധാരണഗാന്ധാരത്തിനും, ശുദ്ധനിഷാദം ചതുര്‍ശ്രുതിധൈവതത്തിനും, ഷഡ്‌ശ്രുതിധൈവതം കൈശികിനിഷാദത്തിനും തുല്യമാണെന്ന തിരിച്ചറിവാണു 16 ഷോഡശസ്വരങ്ങളെ ആശ്രയിച്ചുള്ള വെങ്കിടമഖിയുടെ 72 മേളകര്‍ത്താരാഗ വിഭജനത്തിലേക്കു നയിച്ചതു്. ചതുശ്രുതിഋഷഭത്തിനു ശുദ്ധഗാന്ധാരത്തിനു തുല്യമായതിനാല്‍ ആദ്യകാല ദ്വോദശസ്വരങ്ങളെ വിവരിച്ചിരുന്നതു് ഷഡ്‌ജം, ശുദ്ധഗാന്ധാരം, സാധാരണഗാന്ധാരം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പ്രതിമധ്യമം, പഞ്ചമം എന്നിങ്ങനെ ആയിരുന്നു പൂര്‍വ്വാംഗമേളസ്വരങ്ങള്‍. ചതുശ്രുതിധൈവതം ശുദ്ധഗാന്ധാരത്തിനു തുല്യമായതിനാല്‍ ശുദ്ധധൈവതം, ശുദ്ധനിഷാദം, കൈശികിനിഷാദം, കാകളിനിഷാദം, മേല്‍ഷഡ്‌ജം എന്നിങ്ങനെയായിരുന്നു ഉത്തരാംഗസ്വരങ്ങള്‍. ഷഡ്‌ജം, ശുദ്ധഋഷഭം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ചതുശ്രുതിധൈവതം, കൈശികിനിഷാദം, കാകളിനിഷാദം, മേല്‍ഷഡ്‌ജം എന്നീ രീതിയില്‍ ദ്വാദശസ്വരങ്ങള്‍ വിവരിച്ചു പോരാന്‍ തുടങ്ങിയതു് വെങ്കിടമഖിയുടെ കാലത്തിലാണത്രേ.

മേളകര്‍ത്താരാഗപദ്ധതിയ്ക്കായി 22 (അഥവാ 24) ശ്രുതിസ്ഥാനങ്ങള്‍ പരിഷ്ക്കരിച്ചപ്പോള്‍ വന്ന മാറ്റം ഒന്നു പരിശോധിക്കാം. ഷഡ്‌ജവും പഞ്ചമവും അചലസ്വരങ്ങളായ പ്രകൃതിസ്വരങ്ങളായി ഒതുക്കി. ശുദ്ധസ്ഥാനത്തിനു താഴോട്ടുള്ള മധ്യമം ഉപേക്ഷിച്ചു. പഞ്ചമത്തിനു തൊട്ടു താഴെയായി ഉള്ള പ്രതിമധ്യമം സ്വീകരിച്ചു. സാധാരണഗാന്ധാരം വരെയുള്ള ഋഷഭവും കൈശികിനിഷാദം വരെയുള്ള ധൈവതവും ഉള്‍പ്പെടുത്തി. ശുദ്ധഗാന്ധാരം മുതല്‍ അന്തരഗാന്ധാരം വരെയുള്ള ഗാന്ധാരത്തിനു പുറമെയുള്ളവ ഉപേക്ഷിച്ചു. ശുദ്ധ മുതല്‍ കാകളി വരെയുള്ള നിഷാദം ഉള്‍പ്പെടുത്തി.

വിവാദിസ്വരങ്ങളുടെ വിഭിന്ന രാഗങ്ങളില്‍ ഒരേ ശ്രുതിസ്ഥാനം മറ്റൊരു സ്വരം ആയി കാണുന്നതിനെപ്പറ്റി (22 ശ്രുതിസ്ഥാനങ്ങളിലെ സ്വരങ്ങള്‍ ലയിപ്പിച്ചു 16 സ്വരങ്ങളാക്കി കുറച്ചു എന്നു ചിലയിടങ്ങളില്‍ ഉപയോഗിക്കുന്ന പ്രയോഗം ശരിയല്ല) പില്‍ക്കാലത്തു് വിമര്‍ശനങ്ങള്‍ ഏറെ വരുകയും അനുവാദിസ്വരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടു 36 മേളരാഗങ്ങള്‍ ഉണ്ടാക്കാന്‍ പല ശ്രമങ്ങള്‍ നടന്നുവെങ്കിലും വേങ്കിടമഖി പാകിയ 72 അടിസ്ഥാന മേളരാഗങ്ങള്‍ 300 വര്‍ഷത്തിനു ശേഷവും മാറ്റമില്ലാതെ കര്‍ണ്ണാടകസംഗീതത്തിന്റെ അടിത്തറയായി ഇന്നും അംഗീകരിച്ചുപോരുന്നു. മേളകര്‍ത്താപദ്ധതി തയ്യാറാക്കുന്നതിനു മുമ്പു തന്നെ ഇത്തരം രാഗങ്ങളില്‍ കൃതികള്‍ ഉണ്ടായിരുന്നുവെന്നതാണു ഇതിനു കാരണം. പഴയ പേരില്‍ വ്യത്യസ്തത ഉണ്ടെങ്കിലും ഇതിനു ഉദാഹരണമായി പറയുന്നതു പ്രസിദ്ധവും പ്രചാരവും ഉള്ളതും കേള്‍ക്കുവാന്‍ ഇമ്പമുള്ളതും ആയ വിവാദിമേളരാഗങ്ങള്‍ ചലനാട്ടയും ഝാലവരാളിയും ആണു്.ശ്രുതിസ്ഥാനങ്ങളുടെ എണ്ണത്തെപ്പറ്റി പറയുമ്പോള്‍ അതു 12 വേര്‍തിരിച്ചറിയാവുന്ന സ്ഥാനങ്ങളായി ചുരുക്കാമെങ്കിലും കീര്‍ത്തനങ്ങളുടെ ഗമകപ്രയോഗങ്ങള്‍ ആലപിക്കുന്ന വേളകളില്‍ വളരെ ഏറെ ശ്രുതി ഇടവേളകളിലൂടെ സ്വരസഞ്ചാരം കടന്നു പോകുന്നുണ്ടെന്ന വസ്തുത പ്രത്യേകം ഓര്‍ക്കേണ്ടതുണ്ടു്. അതിനാല്‍ മറ്റേതു സംഗീതശാഖകളിലും ഉള്ള അനേകം ശ്രുതിസ്ഥാനപ്രയോഗങ്ങള്‍ കര്‍ണ്ണാടകസംഗീതത്തിലും ഉണ്ടെന്നു പറയുമ്പോള്‍ കര്‍ണ്ണാടകസംഗതത്തിന്റെ വ്യാപ്തി മനസ്സിലാക്കാവുന്നതാണു്. ഒരേ സ്വരത്തിനു തന്നെ വ്യത്യസ്തരാഗങ്ങളില്‍ വ്യത്യസ്ത ഗമകപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നതാണു ഓരോ രാഗങ്ങള്‍ക്കും വ്യക്തിത്വം പകരുന്നതു്.]

ശുദ്ധസ്വരങ്ങളും വികൃതസ്വരങ്ങളും ചേര്‍ത്തു വരാവുന്ന പല തരം സ്വരശ്രുതിഗ്രാമങ്ങള്‍ കണക്കിലെടുത്തുകൊണ്ടു വെങ്കിടമഖി 72 സാദ്ധ്യതകള്‍ കണ്ടുകൊണ്ടാണു മേളകര്‍ത്താരാഗപട്ടിക ചിട്ടപ്പെടുത്തിയതു്. നിലവിലുള്ള രാഗങ്ങളും വരാനിരിക്കുന്ന രാഗസാദ്ധ്യതകളും കണക്കിലെടുത്തിട്ടും 19 മേളങ്ങള്‍ മാത്രമാണു നാമകരണത്തോടുകൂടി വെങ്കിടമഖി പട്ടികയില്‍ ഉള്‍പ്പെടുത്തിയിതു്. ബാക്കി 53 എണ്ണം വെറും താദ്ധ്യതകള്‍ മാത്രമായി നമ്പര്‍ ഇട്ടാണു 72 മേളകര്‍ത്താരാഗപട്ടിക ഉണ്ടാക്കിയതത്രേ.

മേളകര്‍ത്താരാഗത്തില്‍ ഉള്‍പ്പെടുത്താന്‍ വെങ്കിടമഖി വേര്‍തിരിച്ചറിഞ്ഞ 19 രാഗങ്ങള്‍ താഴെ വിവരിക്കുന്നു.

1. മുഖാരി ആയിരുന്നു ആദ്യത്തെ മേളരാഗം. ഇന്നു് അതിന്റെ സ്ഥാനത്തു കനകാംഗി
2. സാമവരാളി (3-മതു മേളം) - ഇന്നത്തെ ഗാനമൂര്‍ത്തി
3. ഭൂപാളം (8-മതു മേളം) - ഹനുമത്തോടി
4. ഹെജ്ജുലി (13-മതു മേളം) - ഗായകപ്രിയ
5. വസന്തഭൈരവി (14-മതു മേളം) - വകുളാഭരണം
6. ഗൗള (15-മതു മേളം) - മായാമാളവഗൗള
7. ഭൈരവി (20-മതു മേളം) - നഠഭൈരവി
8. ആഹിരി (21-മതു മേളം) - കീരവാണി
9. ശ്രീരാഗം (22-മതു മേളം) - ഖരഹരപ്രിയ
10. കാംബോജി (28-മതു മേളം) - ഹരികാംബോജി
11. ശങ്കരാഭരണം (29-മതു മേളം) - ധീരശങ്കരാഭരണം
12. സാമന്ദ (30-മതു മേളം) - നാഗനന്ദിനി
13. ദേശകി (35-മതു മേളം) - ശൂലിനി
14. നാട്ട (36-മതു മേളം) - ചനലാട്ട
15. ശുദ്ധവരാളി (39-മതു മേളം) - ഝാലവരാളി
16. പന്തുവരാളി (45-മതു മേളം) - ശുഭപന്തുവരാളി
17. ശുദ്ധരാമക്രിയ (51-മതു മേളം) - കാമവര്‍ദ്ധിനി
18. സിംഹാരവം (58-മതു മേളം) [വെങ്കിടമഖിയുടെ രാഗം] - ഹൈമവതി
19. കല്യാണി (65-മതു മേളം) - മേചകല്യാണി

ശാസ്ത്രീയസംഗീതത്തിനു അടിസ്ഥാനമായി അംഗീകരിക്കപ്പെട്ട മേളകര്‍ത്താപദ്ധതിയില്‍ ക്രമസഞ്ചാരവും സ്വരസമ്പൂര്‍ണ്ണതയും പദ്ധതിയുടെ അടിസ്ഥാന നിയമം ആയി കാണുമ്പോള്‍ മുഖാരി, സാമവരാളി, ഭൂപാളം, ശ്രീരാഗം, നാട്ട എന്നീ അസമ്പൂര്‍ണ്ണ വക്രരാഗങ്ങള്‍ ആദ്യത്തെ മേളകര്‍ത്താരാഗപട്ടികയില്‍ കടന്നു കൂടിയതായി കാണുന്നുണ്ടു്. സ്വരസമ്പൂര്‍ണ്ണതയും ക്രമസഞ്ചാരവും വെങ്കിടമഖി നിഷ്കര്‍ഷിച്ചിരുന്നില്ല എന്ന കാരണത്താലാവാം ഇങ്ങനെ സംഭവിച്ചതു്. മേളസ്വരങ്ങളെപ്പറ്റി സംഗീതജ്ഞര്‍ക്കിടയില്‍ ചര്‍ച്ചകള്‍ ധാരാളം നടന്നിരുന്നുവെങ്കിലും മേളകര്‍ത്താപദ്ധതി എന്നൊരു സമ്പ്രദായം വെങ്കിടമഖിയുടെ കാലത്തിനു മുന്‍പുണ്ടായിരുന്നില്ല. ഷോഡശസ്വരങ്ങളുടെ ചേരുവ സാദ്ധ്യതകള്‍ മാത്രം കണക്കിലെടുത്തുണ്ടാക്കിയതാണു 72 മേളകര്‍ത്താരാഗങ്ങള്‍ എന്ന ആശയം. നിലവില്‍ പ്രചാരത്തിലുള്ള അംഗീകരിക്കപ്പെട്ട രാഗങ്ങളില്‍ 19 എണ്ണം മാത്രം തിരിച്ചറിഞ്ഞു അവയുടെ  അക്കാലത്തെ നാമം ഉള്‍പ്പെടുത്തി, ബാക്കിയുള്ളവയ്ക്കു നമ്പര്‍ മാത്രം നല്‍കിക്കൊണ്ടു ഒരു പദ്ധതി തയ്യാറാക്കുക എന്ന ക്രിയ മാത്രമാണു ഇവിടെ വെങ്കിടമഖി ചെയ്തതു്. വരും കാലങ്ങളില്‍ പലേടത്തുമായി തിരിച്ചറിയപ്പെടാന്‍ സാദ്ധ്യതയുള്ള പ്രസിദ്ധ കീര്‍ത്തനങ്ങളുടെ രാഗങ്ങളെ ക്രമീകരിച്ചു പട്ടികയില്‍ ചേര്‍ക്കുക എന്നുദ്ദേശിച്ചാണെന്നതിനാല്‍ ഈ പദ്ധതിയില്‍ കഴമ്പില്ലയെന്നു കരുതേണ്ടതില്ല എന്നു വെങ്കിടമഖി വളരെ ദീര്‍ഘവീക്ഷണത്തോടുകൂടി പറഞ്ഞിട്ടുണ്ടത്രേ.

വെങ്കിടമഖിയുടെ ഈ ദീര്‍ഘവീക്ഷണം ശരിയാണെന്നു കാലം തെളിയിച്ചു. മേല്‍വിവരിച്ച 19 രാഗങ്ങളുടെ പേരിലും പട്ടികയിലെ സ്ഥാനത്തിനും മാറ്റങ്ങള്‍ വന്നു. വെങ്കിടമഖി വിട്ടു പോയ ബാക്കി 53 നമ്പറുകളിലും രാഗങ്ങള്‍ ഉള്‍പ്പെടുത്തപ്പെട്ടു. പുനര്‍നാകരണവേളയില്‍ കടപയാദി പദ്ധതി വഹിച്ച പങ്കും ചില്ലറ ആയിരുന്നില്ല.

(ശ്രീവെങ്കിടമഖിയുടെ കൊച്ചുമകന്‍ ശ്രീമുത്തുവെങ്കിടമഖിയാണത്രേ വെങ്കിടമഖി പേരിടാന്‍ വിട്ടു പോയ ബാക്കി 53 രാഗങ്ങള്‍ക്കു പേരു നല്‍കി 'രാഗാംഗ രാഗ അനുക്രമണിക ഗീതം' എന്ന കൃതിയില്‍ വിവരിച്ചിട്ടുള്ളതായി 'സംഗീത സമ്പ്രദായ പ്രദര്‍ശിനി'യില്‍ (1904) വിവരിക്കുന്നുണ്ടു്.)

05 രാഗപ്രകരണ
ചിലപതികാരത്തിന്റെ അഞ്ചാമത്തെ ഖണ്ഡികയില്‍ 10 രാഗലക്ഷണങ്ങളായ ഗ്രഹ, അംശ, താര, മന്ത്ര, സാദവ, ഔഡവിത, അപ്ലത്വ, ബഹുത്വ, അപന്യാസ, ന്യാസ എന്നിവ ഉപയോഗിച്ചു രാഗങ്ങളെ തിരിച്ചറിയുന്ന രീതി വിവരിക്കുന്നു.

06 ആലാപനപ്രകരണ
ആറാമത്തെ ഖണ്ഡിക ആലാപനപ്രകരണയില്‍ രാഗാലാപനത്തെപ്പറ്റി വെങ്കിടമഖി വിവരിക്കുന്നു.

07 തായപ്രകരണ
ഏഴാമത്തെ ഖണ്ഡികയില്‍ ഒരു സ്വരത്തെ ചുറ്റിപ്പറ്റി നാലു സ്വരങ്ങള്‍ ആരോഹണത്തിലും അവരോഹണത്തിലും ആലപിച്ചു മന്ത്രഷഡ‌്ജത്തില്‍ അവസാനിക്കുന്നതിനെപ്പറ്റി വിവരിക്കുന്നു.

08 ഗീതപ്രകരണ
എട്ടാമത്തെ ഖണ്ഡികയില്‍ ഗീതത്തെപ്പറ്റിയുള്ള വിവരണമാണു്. ഇതില്‍ ഏഴുതരം സാലകസുധ ധ്രുവ, മധ്യ, പ്രിമധ്യ, നിഷാരുക, അടതാള, രസ, ഏക താള എന്നിവയെപ്പറ്റിയാണു്.

09
ഒമ്പതാമത്തെ ഖണ്ഡിക അപൂര്‍ണ്ണമാണെങ്കിലും ആറു അങ്കങ്ങള്‍ സ്വരം, വിരുത്തം, പദം, താനം, പാതം, താളം എന്നിവയെപ്പറ്റിയാണു്.

10
പത്താമത്തെ ഖണ്ഡിക നഷ്ടപ്പെട്ടു പോയി.

അടിക്കുറിപ്പ്

ചതുര്‍ദണ്ഡിപ്രകാശിക വിശകലനം ചെയ്യുന്ന ഏതോരാള്‍ക്കും അക്കാലത്തു നിലവിലുണ്ടായിരുന്ന സംഗീതത്തെപ്പറ്റി ഒരേകദേശം രൂപം ഗ്രഹിക്കാവുന്നതാണു്. കാലം കടന്നു പോയപ്പോള്‍ വെങ്കിടമഖിയുടെ ആശയങ്ങള്‍ക്കും അല്പസ്വല്പം മാറ്റം വന്നെങ്കിലും  ശാസ്ത്രീയസംഗീതത്തിനു വെങ്കിടമഖി പാകിയ അടിത്തറ ഇളക്കം തട്ടാതെ ആരാലും തിരുത്തപ്പെടാന്‍ അസാദ്ധ്യമായ നിലയില്‍ ഇന്നും നിലകൊള്ളുന്നു. ചതുര്‍ദണ്ഡപ്രകാശികയില്‍ വന്നു കൂടിയ തെറ്റുകള്‍ മാത്രം ചൂണ്ടിക്കാണിച്ചു കൊണ്ടു പില്‍ക്കാലത്തു വെങ്കിടമഖിയെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള ശ്രമം പല സംഗീതവിദ്വാന്മാരുടെയും ഭാഗത്തു നിന്നുമുണ്ടായി. രാഗങ്ങള്‍ തിരിച്ചറിയാന്‍ ഒരാട്ടിടയനുള്ളത്രപോലും പിരജ്ഞാനം വെങ്കിടമഖി കാണിക്കാതെ പോയല്ലോ എന്നും വിമര്‍ശ്ശനങ്ങളുണ്ടായി. എന്നാല്‍ സാക്ഷാല്‍ പരമശിവനു പോലും പരിഷ്കരിക്കാന്‍ പറ്റാത്ത ഒരു പട്ടികയാണു വെങ്കിടമഖി മെനഞ്ഞെടുത്തതെന്ന കാരണത്താല്‍ വെങ്കിടമഖിയുടെ ചതുര്‍ദണ്ഡിപ്രകാശിക സംഗീതജ്ഞര്‍ക്കിടയില്‍ ശാസ്ത്രീയസംഗീതത്തിന്റെ മൂലഗ്രന്ഥമെന്ന വിശേഷണത്തില്‍ ആദരിക്കപ്പെട്ടു പോരുന്നു.

കടപയാദി പദ്ധതി കണ്ടുപിടിച്ചതാരാണെന്നു വ്യക്തമായി അറിയില്ലയെങ്കിലും അതിന്‍പ്രകാരം വെങ്കിടമഖി പേരിട്ട രാഗങ്ങളുടെ നാകരണത്തിലും മാറ്റങ്ങള്‍ വന്നു. ഗൗള മായാമാളവഗൗളയായും, ഭൈരവി നഠഭൈരവിയായും, കാംബോജി ഹരികാംബൊജിയായും, ശങ്കരാഭരണം ധീരശങ്കരാഭരണമായും, നാട്ട ചലനാട്ടയായും, ശുദ്ധവരാളി ഝാലവരാളിയായും, പന്തുവരാളി ശുഭപന്തുവരാളിയായും, കല്യാണി മേചകല്യാണിയായും പുനര്‍നാമകരണപ്പെട്ടു. എന്നിരുന്നാലും 72 മേളരാഗപദ്ധതി ആദ്യമായി തയ്യാറാക്കിയ വിദ്വാന്‍ എന്ന നിലയില്‍ വെങ്കിടമഖി എക്കാലവും പുകഴ്‌ത്തപ്പെടും. അവിടെയാണു ചതുര്‍ദണ്ഡിപ്രകാശികയുടെ പ്രസക്തി.

വെങ്കിടമഖിയുടെ 72 മേളകര്‍ത്തരാഗപട്ടിക അംഗീകരിച്ചു കീര്‍ത്തനങ്ങള്‍ രചിച്ചവരില്‍ പ്രമുഖ സംഗീതജ്ഞര്‍ ത്യാഗരാജസ്വാമികള്‍, മുത്തുസ്വാമിദീക്ഷിതര്‍, മഹാവൈദ്യനാഥശിവന്‍, കോടീശ്വരയ്യര്‍, ശ്രീബാലമുരളീകൃഷ്ണ എന്നിവരാണു്.

72 മേളകര്‍ത്താരാഗപട്ടിക നാം ഇന്നു കാണുന്ന നിലയില്‍ ആക്കിയതായുള്ള വിവരണം കാണുന്നതു് ശ്രീഗോവിന്ദാചാര്യയുടെ 'സംഗ്രഹചൂടാമണി' എന്ന ഗ്രന്ഥത്തിലാണു്.

ശ്രീവെങ്കിടമഖിയുടെ കൊച്ചുമകന്‍ ശ്രീമുത്തുവെങ്കിടമഖിയാണത്രേ വെങ്കിടമഖി പേരിടാന്‍ വിട്ടു പോയ ബാക്കി 53 രാഗങ്ങള്‍ക്കു പേരു നല്‍കി 'രാഗാംഗ രാഗ അനുക്രമണിക ഗീതം' എന്ന കൃതിയില്‍ വിവരിച്ചിട്ടുള്ളതായി 'സംഗീത സമ്പ്രദായ പ്രദര്‍ശിനി'യില്‍ (1904) വിവരിക്കുന്നുണ്ടു്.

ശ്രീമതി കലൈമണി ഡി പട്ടമ്മാളും അവരുടെ ഭര്‍ത്താവ് ഡൊഃ എം എന്‍ ദണ്ഡപാണിയും ചേര്‍ന്നെഴുതിയ 'രാഗപ്രവാഹം' എന്ന ഗ്രന്ഥത്തില്‍ എല്ലാ കര്‍ണ്ണാട മേളരാഗങ്ങളും ജന്യരാഗങ്ങളും മറ്റു ഹിന്ദുസ്ഥാനിരാഗങ്ങളും വിവരിക്കുന്നുണ്ടു്. ഇതില്‍ 5000-ഓളം രാഗങ്ങളുടെ വിവരണമുണ്ടു്.

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.