Caution


Saturday, August 1, 2015

കര്‍ണ്ണാടകസംഗീത ചരിത്രം

സപ്തസ്വരങ്ങളുടെ ചരിത്രം

ദക്ഷിണേന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിനു കര്‍ണ്ണാട സംഗീതം എന്നു പേരു വരാന്‍ പല കാരണങ്ങളും പറയപ്പെടുന്നുണ്ടു്.
a) കര്‍ണ്ണാടകം എന്ന ദേശത്തു പ്രചാരം സിദ്ധിച്ച സംഗീതം
b) വളരെ പഴയതു എന്ന അര്‍ത്ഥം വരുന്ന പ്രയോഗം
c) കര്‍ണ്ണങ്ങളെ ആവര്‍ത്തിച്ചു സ്വാധീനിക്കുന്ന നല്ല ഗീതം

1408 - 1503 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന താലപ്പക അന്നമാചാര്യര്‍ ചെമ്പുതകിടില്‍ രേഖപ്പെടുത്തിയ പദങ്ങള്‍ തിരുപ്പതി ക്ഷേത്രത്തിലെ അറകളില്‍ നിന്നും കുറച്ചു നാളുകള്‍ക്കു മുമ്പ് വീണ്ടെടുക്കുകയുണ്ടായി. എന്നാല്‍ അവ ചിട്ടപ്പെടുത്തിയ മൂല രാഗങ്ങള്‍ ഏതാണെന്നു രേഖപ്പെടുത്തിയിട്ടില്ല. സംഗീതജ്ഞര്‍ പലരും ഇവ പല രാഗങ്ങളില്‍ പില്‍ക്കാലത്തു ചിട്ടപ്പെടുത്തി പാടിയിട്ടുണ്ടു്. പദങ്ങളുടെ പിതാമഹനായി അന്നമാചാര്യ ആദരിക്കപ്പെടുന്നു. അന്നമാചാര്യയുടെ കീര്‍ത്തനങ്ങളില്‍ 500-ഓളം കീര്‍ത്തനങ്ങള്‍ പ്രസിദ്ധമാണു്. ഇവയില്‍ പലതും ചിട്ടപ്പെടുത്തിയതു ശ്രീബാലമുരളീകൃഷ്ണയുടെ നേതൃത്വത്തിലാണു്. ഭാവയാമി ഗോപാലബാലം, ദേവം ദേവം ഭജേ, മുദ്ദുഗാരി യശോദ എന്നിവ അന്നാമാചാര്യയുടെ കൃതിയാണു്.

1485 - 1565 കാലഘട്ടത്തില്‍ കര്‍ണ്ണാടകയിലെ ശിവമോഗ്ഗ ജില്ലയിലെ തീര്‍ത്ഥഹല്ലിയ്ക്കു സമീപമുള്ള ക്ഷേമപുര എന്ന ഗ്രാമത്തില്‍ വിജയനഗര രാജകുടുംബവാഴ്ചക്കാലം തലിക്കോട്ട യുദ്ധത്തില്‍ രാജവാഴ്ച പതിക്കുന്നതിനു മുന്‍പു ജീവിച്ചിരുന്ന സംഗീതപിതാമഹന്‍ എന്നറിയപ്പെടുന്ന ശ്രീപുരന്തരദാസരാണു സംഗീത പഠനത്തിനുള്ള ബാലപാഠങ്ങളായ സ്വരാവലിയും അലങ്കാരങ്ങളും മാളവഗൗള (മേളകര്‍ത്താരാഗപദ്ധതിയിലെ കടപയാദി സംഖ്യ ക്രമീകരിച്ച അവസരത്തില്‍ മായാ എന്ന വാക്കു കൂടി പേരിനു മുമ്പില്‍ ചേര്‍ക്കപ്പെട്ടു) രാഗത്തില്‍ ചിട്ടപ്പെടുത്തിയതു്. ഗീതങ്ങളും രചിച്ചിട്ടുണ്ടു്. അക്കാലത്തു നിലവിലുണ്ടായിരുന്ന നാടോടിസംഗീതവും അദ്ദേഹത്തിന്റെ ഗീതങ്ങളെ സ്വാധീനിച്ചിരുന്നു. വിജയനഗരസാമ്രാജ്യം പതച്ചിവെങ്കിലും അദ്ദേഹം ചിട്ടപ്പെടുത്തിയ കീര്‍ത്തനങ്ങള്‍ ഗുരുശിഷ്യ പരമമ്പരയായി കൈമാറിപ്പോന്നു. ഹിന്ദുസ്ഥാനിസംഗീതപിതാമഹന്‍ ടാന്‍സന്റെ ഗുരു സ്വാമിഹരിദാസ് പുരന്തരദാസരുടെ ശിഷ്യനായിരുന്നു. പുരന്തരദാസരുടെ കൃതികള്‍ പ്രചരിപ്പിക്കുന്നതില്‍ മദ്രാസ് ലളിതാംഗിയും അവരുടെ മകള്‍ എം എല്‍ വസന്തകുമാരിയും ഒരു സുപ്രധാന പങ്കു വഹിച്ചിട്ടുണ്ടു്.

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശ്രീഗോവിന്ദ ദീക്ഷിതരുടെ സംഗീതസുധ എന്ന ഗ്രന്ഥവും അദ്ദേഹത്തിന്റെ പുത്രനായ വെങ്കിടമഖിയുടെ ചതുര്‍ദണ്ഡിപ്രകാശിക എന്ന ഗ്രന്ഥവുമാണു് സംഗീതത്തെ ജനകരാഗങ്ങളായ മേളകര്‍ത്താരാഗങ്ങളായും അതില്‍ നിന്നും ജന്മം കൊള്ളുന്ന ജന്യരാഗങ്ങളായും വേര്‍തിരിച്ചു സംഗീതത്തെ ക്രോഡീകരിക്കാന്‍ നിമിത്തമാതു്.

തിരുവരൂരില്‍ പിറന്ന സംഗീത ത്രിമൂര്‍ത്തികള്‍ ശ്യാമശാസ്ത്രി (1762-1827), ത്യാഗരാജ (1767-1847), മുത്തുസ്വാമി ദീക്ഷിതര്‍ (1775-1835) എന്നിവരുടെ വരവോടുകൂടി കര്‍ണ്ണാടകസംഗീതത്തിനു ഒരു കുതിച്ചുയര്‍ച്ച തന്നെ സംഭവിച്ചു. കര്‍ണ്ണാട സംഗീത കച്ചേരിയിലേക്കു വയലിന്‍ ആദ്യമായി ഉള്‍പ്പെടുത്തിയതു മുത്തുസ്വാമിദീക്ഷിതരായിരുന്നു.

പുരന്തരദാസര്‍ക്കും സംഗീതത്രിമൂര്‍ത്തികള്‍ക്കുമിടയിലെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സംഗീതജ്ഞരില്‍ പ്രമുഖര്‍ ഭദ്രാചല രാമദാസര്‍(1620-1680), നാരായണതീര്‍ത്ഥര്‍(1650-1745)‍, ശാരംഗപാണിയുടേതാണു് (1680 - 1750), വിജയദാസര്‍(1682-1755)‍, ഊട്ടുക്കട വെങ്കടകവി(1700-1765) ഗേപാലദാസര്‍(1721-1769), ജഗന്നാഥദാസര്‍(1728-1807), സദാശിവബ്രഹ്മേന്ദ്ര(18th century) എന്നിവരാണു്.

തിരുവരൂരില്‍ പിറന്ന സംഗീത ത്രിമൂര്‍ത്തികള്‍ ശ്യാമശാസ്ത്രി (1762-1827), ത്യാഗരാജ (1767-1847), മുത്തുസ്വാമി ദീക്ഷിതര്‍ (1775-1835) എന്നിവരുടെ വരവോടുകൂടി കര്‍ണ്ണാടകസംഗീതത്തിനു ഒരു കുതിച്ചുയര്‍ച്ച തന്നെ സംഭവിച്ചു. കര്‍ണ്ണാട സംഗീത കച്ചേരിയിലേക്കു വയലിന്‍ ആദ്യമായി ഉള്‍പ്പെടുത്തിയതു മുത്തുസ്വാമിദീക്ഷിതരായിരുന്നു.

പുറകെ വന്നവരില്‍ പ്രമുഖര്‍ ഗോപാലകൃഷ്ണഭാരതി(1810-1896), സ്വാതിതിരുനാള്‍ (1813-1846), നീലകണ്ഠശിവന്‍(1831-1900), മഹാവൈദ്യനാഥശിവന്‍ (1844-1893), പട്ടണം സുബ്രഹ്മണ്യയ്യര്‍ (1845-1902), രാമനാഥപുരം പൂച്ചി ശ്രീനിവാസയ്യര്‍ (1867-1919), ഹരികേശനല്ലൂര്‍ മുത്തയ്യ ഭാഗവതര്‍ (1877-1945), മൈസൂര്‍ വാസുദേവാചാര്യര്‍ (1865-1961), സുബ്രഹ്മമണ്യഭാരതിയാര്‍(1882-1921), പാപനാശം ശിവന്‍(1890-1973) എന്നിവരാണു്.

പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മുത്തുസ്വാമിദീക്ഷിതര്‍ കച്ചേരിക്കുപയോഗിച്ചു തുടങ്ങിയ വയലില്‍ പില്‍ക്കാലത്തു് വയിലിന്‍ മാത്രം വായിക്കുന്ന കച്ചേരികള്‍ക്കായി ഉപയോഗിക്കപ്പെട്ടു. അതില്‍ പ്രമുഖര്‍ തിരുക്കൊടിക്കാവല്‍ കൃഷ്ണയ്യര്‍ (1857-1913), മലൈക്കോട്ടൈ ഗോവിന്ദസ്വാമിപിള്ളൈ (1879-1931). കാലക്രമേണ കച്ചേരികളില്‍ വീണയുടെ ഉപയോഗം കുറഞ്ഞു. ഒരു വേദിയില്‍ നിന്നും അടുത്ത വേദിയിലേക്കു് വീണ കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ടും അതിനൊരു കാരണമായി പറയപ്പെടുന്നു. ഇലക്ട്രോണക്ക് തമ്പുരുവിന്റെ വരവോടു കൂടി തമ്പുരുവിനും ഇതേ ഗതി വന്നുചേര്‍ന്നു. ബെല്ലോസു കൂടിയ ശ്രുതിപ്പെട്ടിയില്‍ നിന്നും ട്യൂണ്‍ ചെയ്യാവുന്ന ഇലക്ട്രോണിക് ശ്രുതിപ്പെട്ടി, എല്ലാ ശ്രുതികളും മധ്യമത്തിലും പഞ്ചമത്തിലും പ്രത്യേകം ക്രമീകരിക്കാവുന്ന ശ്രുതിപ്പെട്ടി, പ്രത്യേകം സി ഡി എന്നിവയില്‍ക്കൂടി ശ്രുതി ഇന്നു മൊബൈള്‍ ഫോണിലെ Mp3 ആയി വരെ ഉപയോഗിക്കപ്പെടുന്നു.

വീണവായനയില്‍ പ്രമുഖരായവര്‍ കരൈക്കുടി സഹോദരന്മാര്‍ സുബ്ബരാമയ്യര്‍ (1883-1936), സാമ്പശിവഅയ്യര്‍ (1888-1958), ബാലചന്ദര്‍ (1927-19990).

കച്ചേരികളില്‍ താളവാദ്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രമുഖ സ്ഥാനം മൃദംഗത്തിനായിരുന്നു. തഞ്ചാവൂര്‍ നാരായണപ്പയും (19-഻഼ നാറ്റാണ്ടില്‍) തഞ്ചാവൂര്‍ വൈദ്യനാഥ ശിവനും (1894-1947) കര്‍ണ്ണാടകസംഗീതം ആലപിച്ചിരുന്നതു മൃദംഗത്തിന്റെ താളാത്മകതയില്‍ ആയിരുന്നു. പുതുക്കോട്ടയില്‍ മന്‍പൂണ്ടിയ പിള്ളയും (19-഻഼ നൂറ്റാണ്ടില്‍) അദ്ദേഹത്തിന്റെ ശിഷ്യര്‍ പുതുക്കോട്ടൈ ദക്ഷിണാമൂര്‍ത്തി പിള്ളയും (1875-1937) പളനി മുത്തയ്യ പിള്ളയും (1946) ഇതേ ശൈലി തുടരുകയും കച്ചേരികളില്‍ കഞ്ചിര ഉള്‍പ്പെടുത്തുകയും ചെയ്തു.

ക്ഷേത്രാചാരങ്ങളില്‍ ഉപയോഗിച്ചു പോന്നിരുന്ന നാഗസ്വരവും അതിന്റെയൊപ്പം ചേരുന്ന തകിലും പ്രചാരത്തിലുള്ള സംഗീതോപകരണങ്ങള്‍ ആയിരുന്നു. തഞ്ചാവൂരിലെ തിരുമറുകള്‍, സെമ്പൊണ്ണര്‍ക്കോയില്‍, തിരുവിഴിമിഴലൈ, അമ്മചത്രം, തിരുവരെമരുതര്‍ എന്നീ സ്ഥലങ്ങളിലെ ക്ഷേത്രോത്സവങ്ങളും നാഗസ്വരത്തെ പ്രചരിപ്പിച്ചു.

ആകാശവാണിയുടെ കര്‍ണ്ണാടകസംഗീത പരിപാടികളുടെ വരവോടു കൂടി സംഗീതം ലോകമൊട്ടാകെ അറിയപ്പെടുന്ന സംഗീതമാവുകയും വിവിധ തരം സംഗീതങ്ങളും പ്രചാരം നേടി. അക്കൂട്ടത്തില്‍ നാടകസംഗീതവും സിനിമാ സംഗീതവും തഴച്ചു വളര്‍ന്നു.

19-഻഼ നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി സംഗീതവും സംഗീതസംജ്ഞകളും അച്ചടിക്കപ്പെട്ടുതുടങ്ങിയതോടു കൂടി പരമ്പരാഗതം എന്ന രീതി വിട്ടു പ്രചാരം നേടി. ചിന്നസ്വാമി മുതലിയാരുടെ 'Oriental Music in Staff Notation' (1893) ഈ ദിശയിലുള്ള ആദ്യത്തെ നാഴികക്കല്ലായി പറയപ്പെടുന്നു. പരമ്പരാഗത ദീക്ഷിത കുടുംബത്തിലെ അവസാന കണ്ണിയായ് കരുതപ്പെടുന്ന സുബ്രഹ്മണ്യദീക്ഷിതരുടെ (1837-1906) 'സമ്പ്രദായ പ്രദര്‍ശിനി' വഴി മുത്തുസ്വാമി ദീക്ഷിതരുടെ പല കൃതികളും വെളിച്ചം കണ്ടു.

ആദ്യകാല കര്‍ണ്ണാടകസംഗീതജ്ഞരില്‍ പ്രമുഖര്‍ ക്ഷേത്രങ്ങളുമായി അഭേദ്യബന്ധം പുലര്‍ത്തിയിരുന്ന ബ്രാഹ്മണരരും ക്ഷേത്രത്തിലെ ദേവദാസികളും ആയിരുന്നു. ദേവദാസികള്‍ ധാരാളം ഉണ്ടായിരുന്നുവെങ്കിലും പുറം ലോകം അറിയുന്നവരില്‍ പ്രമുഖരായി പറയപ്പെടുന്ന പേരുകള്‍ ബാംഗളൂര്‍ നാഗരത്നമ്മാളും (1878-1952) വീണ ധനമ്മാളും (1868-1938) ആയിരുന്നു. 1930-തുകളോടു കൂടി ദേവദാസിവൃത്തി നിരോധിക്കപ്പെട്ടപ്പോള്‍ പലരും പരമ്പരാഗത തൊഴില്‍ നിറുത്തേണ്ടിവന്നു. വായ്മൊഴിയായി കൈമാറിപ്പൊന്നിരുന്ന പല കൃതികളും നഷ്ടപ്പെടുവാന്‍ ഇതൊരു കാരണമായി.

കര്‍ണ്ണാടക സംഗീതമേഖലയില്‍ പ്രമുഖരായ ഇപ്പോഴത്തെ സംഗീതജ്ഞരില്‍ പലരും കര്‍ണ്ണാടകസംഗീതത്തെ പെറ്റമ്മയായും സിനിമാസംഗീതത്തെ പോറ്റമ്മയായും കാണുന്നവരാണു്. എന്നിരുന്നാലും കര്‍ണ്ണാടസംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ ക്ഷേത്രങ്ങളും ആകാശവാണിയും ദൃശ്യമാദ്ധ്യമങ്ങളും വഹിക്കുന്ന പങ്കു് ഒന്നുകൊണ്ടു മാത്രമാണു് അതു ക്ഷയിക്കാതെ പൂര്‍വ്വാധികം ശക്തിമത്തായി തുടരുന്നതു്.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.