Caution


Saturday, June 13, 2015

ഗൗരിമനോഹരി | 23-മതു മേളകര്‍ത്താരാഗം | 4-മതു ചക്രം വേദ

മേളകര്‍ത്താപദ്ധതിയിലെ ഇരുപത്തിമൂന്നാത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ഗൗരി
നാലാമത്തെ ചക്രം വേദചക്രത്തിലെ അഞ്ചാം രാഗം
പൂര്‍വ്വാംഗസ്വരങ്ങള്‍ ഖരഹരപ്രിയയുടെ സ്വരങ്ങള്‍
(വേദചക്രത്തിലെ ഝങ്കാരധ്വനി, നഠഭൈരവി, കീരവാണി, ഖരഹരപ്രിയ, ഗൗരിമനോഹരി, വരുണപ്രിയ  എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഖരഹരപ്രിയയുടേതു തന്നെ)
ചക്രത്തിലെ അഞ്ചാം രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ ശങ്കരാഭരണത്തിന്റെ സ്വരങ്ങള്‍
പ്രത്യേകത : ഇതൊരു രക്തിരാഗം ആണു്.
പ്രതിമധ്യമരാഗം : ധര്‍മ്മവതി




നാമവിശേഷം

 കടപയാദി പദ്ധതി പ്രകാരം കാദിനവയില്‍ ഗ=3 യാദിനവയില്‍ ര=2. അതിനാല്‍ കിട്ടുന്ന 32 എന്നതു തിരിച്ചിട്ടാല്‍ 23-മതു മേളകര്‍ത്താരാഗം.

രാഗലക്ഷണം

ഷഡ്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കാകളിനിഷാദം.

ഋഷഭം, പഞ്ചമം, നിഷാദം എന്നിവ ജീവസ്വരങ്ങളും ഷഡ്ജം, പഞ്ചമം, ധൈവതം എന്നിവ ഗ്രഹസ്വരങ്ങളും ആണു്. ഇതോരു രക്തിരാഗവും സാര്‍വ്വകാലിക രാഗവുമാണു്. പ്രത്യാഹതഗമകം ഇതിന്റെ ആകര്‍ഷണീയത കൂട്ടുന്നു.ഇതോരു മൂര്‍ഛനാകാരകരാഗമാണു്. ഇതിലെ രി മ പ എന്നീ സ്വരങ്ങളെ ആധാരഷഡ്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ നാടകപ്രിയ, വാചസ്പതി, ചാരുകേശി എന്നീ രാഗങ്ങള്‍ ജനിക്കും. ഗൗരിമനോഹരിയുട പ്രതിമധ്യമരാഗമാണു് 59-മതു മേളകര്‍ത്താരാഗമായ ധര്‍മ്മവതി. അസമ്പൂര്‍ണ്ണ പദ്ധതിയില്‍ ഗൗരിവേലാവരി എന്നാണു് ഗൗരിമനോഹരിയുടെ പേരു്.

ഹിന്ദുസ്ഥാനി സംഗീതത്തില്‍ പഡ്ദീപ് (സഗമപനിസ - സനിധപമഗരിസ) എന്ന രാഗമാണു് ഗൗരിമനോഹരിയോടു സാമ്യാമായുള്ളതു്.

ഭക്തി, സ്നേഹം, ശാന്തം, കരുണം, വീര്യം എന്നിവയാണു രാഗഭാവമെങ്കിലും മറ്റു പല ഭാവങ്ങള്‍ക്കും ഈ രാഗം ചേരുമെന്നതു ഇതില്‍ രചിച്ചിട്ടുള്ള ചലച്ചിത്രഗാനങ്ങള്‍ പരിശോധിച്ചാല്‍ കാണാം.

സംഗീതപാഠം

സരളീവരിശകള്‍ ജണ്ഡവരിശകള്‍ എന്നിവയില്‍ ഈ രാഗം അനായാസം പാടി പഠിക്കാവുന്നതാണു്.

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ഗൗരീമനോ ഹരിതംബര സതതം ഗൗരിവ വത്‌സേ രമതേ ഭവതി' എന്ന ഭാഗം ഗൗരിമനോഹരിയിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നതു്.
ശ്രീത്യാഗരാജസ്വാമിയുടെ 'ഗുരുകുലേക', 'ബ്രോവസമയ'
ശ്രീദീക്ഷിതരുടെ 'പരാശക്തി ഈശ്വരി'
ശ്രീസ്വാതിതിരുനാളിന്റെ 'സാരസസമമൃദുപദ'
ശ്രീമുത്തയ്യഭാഗവതരുടെ 'ദേവീ ഗൌരിനിന്ന'
ശ്രീപാപനാശം ശിവന്റെ 'ഗൌരി മനോഹരി'

ലളിതഗാനങ്ങള്‍

'കാനനവാസാ' (അയ്യപ്പഗാനങ്ങള്‍)
'മഹാപ്രഭോ' (അയ്യപ്പഗാനങ്ങള്‍)
'ഋതുഭംഗികള്‍ ' (അയ്യപ്പഭക്തിഗാനങ്ങള്‍)
'കാനനശ്രീലേഖ' (തുളസീതീര്‍ത്ഥം)
'പമ്പാനദിതീരത്തു' (ഹരിഹരസുതന്‍)
'മണ്ണാര്‍ശാലയിലെ' (നാഗരാജവൈഭവം)

ചലച്ചിത്രഗാനങ്ങള്‍

'ഇത്ര മധുരിക്കുമോ പ്രേമം' (ഫൈവ്‌സ്റ്റാര്‍ ഹോട്ടല്‍)
'തു ബഡി മാഷാ അള്ള' (ഹിസ് ഹൈനസ് അബ്ദുള്ള)
'ഇന്നലെ എന്റെ നെഞ്ചിലെ' (ബാലേട്ടന്‍)
'യാരമിത വനമാലിന' (ഗാനം)
'സ്വര്‍ണ്ണമീനിന്റെ ചേലൊത്ത' (സര്‍പ്പം)
'അനുരാഗലോല ഗാത്രി' (ധ്വനി)
'വീണപാടുമീണമായി' (വാര്‍ദ്ദക്ക്യപുരാണം)
'കണ്ണും നട്ടു കാത്തിരുന്നിട്ടും' (കഥാവശേഷന്‍)
'മറന്നുവോ പൂമകളേ' (ചക്കരമുത്തു് )
'തിരികേ ഞാന്‍ വരുമെന്ന' (അറബിക്കഥ)
മൊത്തം മുപ്പതോളം ഗാനങ്ങള്‍

ജന്യരാഗങ്ങള്‍

ഗൗരിശങ്കര്‍ - സരിഗമപനിസ - സനിധപമഗരിസ
ലവന്തിക - സരിമപനിസ - സനിപമരിസ
വസന്തശ്രീ - സരിഗമധനിസ -  സനിധമഗരിസ
വേളാവലി - സരിമപധസ - സനിധപമഗരിസ (വേറെ 4 തരം)
സുന്ദരമനോഹരി - സരിമപനിസ - സനിധപമഗരിസ
ഹംസദീപിക - സരിഗമധസ - സനിധപമഗരിസ
ഹൃദ്‌കമലി - സരിമധനിസ - സനിധമരിസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.