Caution


Friday, June 5, 2015

ചക്രവാകം | 16-മതു മേളകര്‍ത്താരാഗം | 3-മതു ചക്രം അഗ്നി

മേളകര്‍ത്താപദ്ധതിയിലെ പതിനാറാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
മൂന്നാമത്തെ ചക്രം അഗ്നിചക്രത്തിലെ നാലാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം തോയവേഗാവാഹനി
പൂര്‍വ്വാംഗസ്വരങ്ങള്‍ മായാമാളവഗൗളയുടെ സ്വരങ്ങള്‍
(അഗ്നിചക്രത്തിലെ ഗായകപ്രിയ, വകുളാഭരണം, മായാമാളവഗൗള, ചക്രവാകം, സൂര്യകാന്തം, ഹാടകാംബരി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ മായാമാളവഗൗളയുടേതു തന്നെ)
ചക്രത്തിലെ നാലാമത്തെ രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ ഖരഹരപ്രിയയുടെ സ്വരങ്ങള്‍
പ്രത്യേകത : ശ്രുതിഭേദം ചെയ്യാവുന്ന മൂര്‍ച്ഛനാകാരകരാഗം. ഹീന്ദുസ്ഥാനി രാഗം ആഹിര്‍ഭൈരവിയ്ക്കു സാമ്യം.
പ്രതിമധ്യമരാഗം : രാമപ്രിയ




നാമവിശേഷം

ചക്രവാകം എന്നതു ഒരിനം പക്ഷിയാണു്. ചക്രവാള സീമയില്‍ കണ്ണും നട്ടിരിക്കുന്ന ഈ പക്ഷി നിലാവുദിച്ചാല്‍ ഇണയെ പിരിയേണ്ടിവരുമെന്നും വിരഹവേദനയാല്‍ രാത്രി മുഴുവന്‍ കരയുമെന്നും കവിസങ്കല്പമുണ്ടു്. മനോഹരമായി പാടാന്‍ കഴിവുള്ള ഈ പക്ഷിയുടെ സ്ഥായി ഭാവം വിരഹമാണു്. വെളുത്ത കണ്ണും വെളുത്ത കാലുകളുമുള്ള കുതിരയെന്നും ചക്രവാകം എന്ന വാക്കിനു അര്‍ത്ഥം ഉണ്ടു്. കടപയാദി പദ്ധതി പ്രകാരം കാദിനവയില്‍ ച=6 ക=1. അതിനാല്‍ 61. തിരിച്ചിട്ടാല്‍ 16-മതു മേളകര്‍ത്താരാഗം

രാഗലക്ഷണം

ഷഡ്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കൈശികിനിഷാദം എന്നിവയാണു് സ്വരസ്ഥാനങ്ങള്‍. ഇതിനു മുന്‍പേ വരുന്ന മായാമാളഗൗളയെ അപേക്ഷിച്ചു ഈ രാഗത്തില്‍ രണ്ടു സ്വരങ്ങള്‍, ധൈവതവും നിഷാദവും, മാറുന്നുണ്ടെന്നതിനാല്‍ മേളകര്‍ത്താരാഗമാലിക ആലപിക്കാന്‍ ഇവിടെ പ്രയാസം ഏറും. അതിനാല്‍ തന്നെ ഉത്തരാഗസ്വരം പാടുന്നതു വരെ ഈ രണ്ടു രാഗങ്ങളെയും വേര്‍തിരിച്ചറിയുവാനും പ്രയാസമാവും. ഉത്തരാംഗസ്വരങ്ങള്‍ ഖരഹരപ്രിയയുതേതാണെന്നു ഓര്‍ത്തുകൊണ്ടു ആലപിച്ചാല്‍ ഈ ബുദ്ധിമുട്ടു് ഒഴിവാകുകയും രാഗഭാവം വെളിപ്പെടുകയും ചെയ്യും.

ഋഷഭം, നിഷാദം എന്നിവ ജീവസ്വരങ്ങളാണു്. ഇതൊരു മൂര്‍ച്ഛനാകാരകരാഗമാണു്. ഈ രാഗത്തിന്റെ മധ്യമം, നിഷാദം എന്നീ സ്വരങ്ങളെ ആധാരഷഡു്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ ഇരുപത്തിയേഴാമത്തെ മേളകര്‍ത്താരാഗമായ 'സരസാംഗിയും', അമ്പത്തിയൊമ്പതാമത്തെ മേളരാഗമായ 'ധര്‍മ്മവതിയും' ജനിക്കും. ഋഷഭം, പഞ്ചമം എന്നിവ നാസ്യസ്വരങ്ങളാണു്. (ഷഡു്ജം എല്ലാ രാഗങ്ങളിലേയും നാസ്യസ്വരമാണു്). ഈ രാഗത്തിലെ 'മഗരിസ' എന്ന പ്രയോഗം പാടുന്നതു് 'മാമഗമാരി' എന്ന രീതിയില്‍ മധ്യമത്തില്‍ തൊട്ടിട്ടാണു്. എപ്പോഴും പാടുവുന്നതും കേള്‍ക്കാന്‍ സുഖരവുമായ രാഗമാണു് ചക്രവാകം.

സംഗീതപാഠം


കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ചക്രവാകകുചാര്‍ദ്ധാംഗ ത്വത്‌കൃപയാ ചക്രവാക്‌പതിസുരഃ നന്ദന്തി‍' എന്ന ഭാഗം ചക്രവാകത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നതു്.
ദീക്ഷിതരുടെ 'ഗജാനനയുതം ഗണേശ്വരം'
ശ്രിസ്വാതിതിരുനാളിന്റെ 'സരോജനാഭ'
ശ്രീത്യാഗരാജസ്വാമികളുടെ 'സുഗുണമുലേജപകൊണ്ടി ', 'എഡുലബ്രോതുവോതെലിയ'
ശ്രീഗോപാലകൃഷ്ണഭാരതിയുടെ 'അറിവുടയോര്‍'
ശ്രീസുബ്രഹ്മണ്യഭാരതിയുടെ 'കാലാ ഉനൈ നാന്‍ '
ശ്രീബാലമുരളികൃഷ്ണയുടെ 'ഗിരിജാപതേ ജഗത്പതേ'
ശ്രീമൈസൂര്‍ വസുദേവാചാര്യരുടെ 'ജനാര്‍ദ്ദനം'

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

'അദ്വൈതം ജനിച്ച നാട്ടില്‍' (ലൈന്‍ ബസ്സ്)
'കുന്നത്തൊരു കാവുണ്ടു് ' (അസുരവിത്തു്)
'എന്റെ കൈയില്‍ പൂത്തിരി' (സമ്മാനം)
'കാണാനഴകുള്ള മാണിക്യക്കുയിലേ' (ഊഴം)
'സ്വര്‍ഗ്ഗമെന്ന കാനനത്തില്‍ ' (ചന്ദ്രകാന്തം)
'കല്യാണപ്രായത്തില്‍' (നെല്ല്)
'മാണിക്യക്കല്ലുള്ള' (വേലിയേറ്റം)
'കാണാനഴകുള്ള' (ഊഴം)
'ചെന്തെങ്ങു കുലച്ച' (മായ)
'ആയിരംകാതമകലെയാണെങ്കിലും' (ഹര്‍ഷബാഷ്പം)

ജന്യരാഗങ്ങള്‍

കലാവതി - സരിമപധസ - സധപമഗസരിസ
കല്‍ഗഡ - സരിഗപധനിസ - സനിധപഗരിസ
കോകില - സരിഗമധനിസ - സനിധമഗരിസ
ഗുഹപ്രിയ - സരിഗമപമധനിസ - സനിധപമഗസരിസ
ഘോഷിനി - സമഗമപധനിധസ - സനിധപമഗരിസ
ചക്രനാരായണി - സരിമപധനിസ - സനിധപമരിസ
പ്രവരിട്ടി - സഗമപധനിസ - സനിധപമഗസ
ബിന്ദുമാലിനി - സഗരിഗമപനിസ - സനിസധപഗരിസ
ഭക്തപ്രിയ - സഗമപധനിസ - സനിധപമരിമഗസ
ഭൂജാംഗിനി - സരിഗമധനിസ - സനിധമഗരിസ
മലയമാരുതം - സരിഗപധനിസ - സനിധപഗരിസ
മുക്താംഗി - സരിഗമപധനിസ - സധനിപമഗരിസ
രസികരഞ്ജിനി - സരിഗപസ - സധപഗരിസ
രാഗമഞ്ജരി - സരിപധസ - സനിധമരിസ
രേവതി - സരിമപനിസ - സനിപമരിസ
വാലാചി - സഗപധനിസ - സനിധപഗസ
വീണവര്‍ദ്ധിനി - സരിഗപധനിസ - സനിധപമഗരിസ
വേഗവാഹിനി - സരിഗമപധനിധസ - സനിധമഗരിസ
ശ്യാമളി - സഗപധനിസ - സനിധപഗരിസ
ശ്രീനഭോമാര്‍ഗ്ഗിനി - സഗമപധനിസ - സധപമഗരിസ
സുഭാഷിണി - സധനിധരിഗമപ - മഗരിസനിധനിസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.