Caution


Tuesday, June 2, 2015

മേളകര്‍ത്താരാഗത്തിന്റെ ക്രമവും രാഗത്തിലെ സ്വരസ്ഥാനങ്ങളും നിര്‍ണ്ണയിക്കാന്‍ കടപയാദി പദ്ധതി

മേളകര്‍ത്താരാഗത്തിന്റെ പേരില്‍ നിന്നും രാഗത്തിന്റെ ക്രമനമ്പറും സ്വരസ്ഥാനങ്ങളും കണ്ടുപിടിക്കാന്‍ കടപയാദി ക്രമം ഉപയോഗിക്കാം.

കടപയാദി (ക-ട-പ-യ-ആദി) അധവാ പരല്‍പ്പേരു എന്ന സമ്പ്രദായത്തില്‍ അക്ഷരമാലയിലെ 10 വ്യഞ്ജനാക്ഷരങ്ങളെയും അക്കങ്ങളെയും ബന്ധിപ്പക്കുന്ന (നവാക്ഷരങ്ങളില്‍ ഏതു് അക്ഷരം ആദിയില്‍ വരുന്നു എന്നു നോക്കിയാണു് ഓരോ വരിയ്ക്കും പേരിട്ടിരിക്കുന്നതു്) ഒരു പട്ടിക നോക്കുക. അ മുതല്‍ അഃ വരെയുള്ള സ്വരങ്ങള്‍ക്കു് പൂജ്യം. വ്യഞ്ജനങ്ങളോടു സ്വരം ചേരുന്നിടത്തു് അതിലെ വ്യഞ്ജനത്തിനു മാത്രമേ വില കല്പിക്കുന്നുള്ളു.


ഏതൊരു രാഗത്തിന്റെയും പേരിലെ ആദ്യ രണ്ടക്ഷരങ്ങളില്‍ നിന്നും മേളകര്‍ത്താരാഗപട്ടികയില്‍ അതിന്റെ ക്രമം കണ്ടുപിടിക്കാന്‍ രാഗത്തിന്റെ പേരിലെ ആദ്യ രണ്ടക്ഷരം എടുക്കുക. ഉദാഹരണം മായാമാളവഗൗള തന്നെ ആയിക്കോട്ടെ. മ എന്നതു് പാദിനവയില്‍ അഞ്ചാമത്തെ അക്ഷരം എന്നതിനാല്‍ 5. യ എന്നതു് യാദിനവയില്‍ ആദ്യത്തെ അക്ഷരം എന്നതിനാല്‍ 1. കിട്ടുന്ന 51 എന്ന സംഘ്യ തിരിച്ചിടുക. 15. അപ്പോള്‍ മായാമാളവഗൗള എന്നതു് 15-മതു മേളകര്‍ത്താരാഗം.

ഇനി ഇതു് ഏതു ചക്രത്തില്‍ എന്നും ആ ചക്രത്തില്‍ എത്രാമതു രാഗം എന്നും ആലോചിക്കുക. ഒരു ചക്രത്തില്‍ 6 രാഗങ്ങള്‍ ആണുള്ളതു്. 13 തുടങ്ങുമ്പോള്‍ മൂന്നാമത്തെ ചക്രം ആയി. ഓരോ ചക്രത്തിലേയും പൂര്‍വ്വാംഗസ്വരങ്ങളുടെ ക്രമം താഴെ കൊടുത്തിരിക്കുന്നു.
രി1ഗ1 - രഗ
രി1ഗ2 - രഗി
രി1ഗ3 - രഗു
രി2ഗ2 - രിഗി
രി2ഗ3 - രിഗു
രി3ഗ3 - രുഗു
13, 14, 15 എന്നതിനാല്‍ മേയാമാളവഗൗള എന്നതു് മൂന്നാമത്തെ ചക്രത്തില്‍ മൂന്നാമതു രാഗം. അതിനാല്‍ അതിന്റെ പൂര്‍വ്വാംഗസ്വരങ്ങള്‍ ര1ഗ3 അധവാ രഗു അധവാ ശുദ്ധഋഭവും അന്തരഗാന്ധാരവും.

ഇനി ഉത്തരാംഗസ്വരങ്ങള്‍. 12 ചക്രങ്ങള്‍ ഉള്ളതില്‍ എല്ലാത്തിലും ഉത്തരാഗസ്വരങ്ങളുടെ ക്രമം താഴെ കൊടുത്തിരിക്കുന്നു.
ധ1നി1 - ധന
ധ1നി2 - ധനി
ധ1നി3 - ധനു
ധ2നി2 - ധിനി
ധ2നി3 - ധിനു
ധ3നി3 - ധുനു
12 + 3 = 15 എന്നതിനാല്‍ മേയാമാളവഗൗള എന്നതു് മൂന്നാമത്തെ ചക്രത്തില്‍ മൂന്നാമതു രാഗം. അതിനാല്‍ അതിന്റെ ഉത്തരാംഗസ്വരങ്ങള്‍ ധ1നി3 അധവാ ധനു അധവാ ശുദ്ധധൈവതവും കാകളിനിഷാദവും.

15 എന്നതു് 36 നു താഴെ വരുന്നതിനാല്‍ മധ്യമസ്വരം ശുദ്ധമധ്യമം.
ഷഡ്ജവും പഞ്ചമവും അചലസ്വരങ്ങള്‍ എന്നതിനാല്‍ അതു പ്രത്യേകം നോക്കേണ്ടകാര്യം ഇല്ല.

മായാമാളവഗൗളരാഗം എന്നാല്‍ ഷഡ്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളിനിഷാദം, മേള്‍ഷഡ്ജം.

അപ്പോള്‍, ഏതൊരു ഗാനത്തിന്റെയും രാഗം മനസ്സിലാക്കാന്‍ എളുപ്പമാണോ എന്നു ചോദിച്ചാല്‍ ? - അല്ല !! രാഗത്തിന്റെ പേരറിഞ്ഞാല്‍ സ്വരങ്ങള്‍ ഏതാണെന്നു കണ്ടുപിടിക്കാം. അത്ര തന്നെ. മറിച്ചു നോക്കിയാല്‍, ഒരു ഗാനത്തില്‍ വരുന്ന സ്വരങ്ങള്‍ ഇന്നിന്നതാണെന്നറിഞ്ഞാല്‍ രാഗം ഏതാണെന്നറിയാം. പക്ഷെ ഒരു ഗാനം കേട്ടിട്ടു് ആ ഗാനത്തില്‍ വരുന്ന സ്വരങ്ങള്‍ ഏതൊക്കെയാണെന്നും ഓരോന്നിന്റെയും ശ്രുതിസ്ഥാനം ഏതാണെന്നും സ്വയം കണ്ടുപിടിക്കുന്നതു് അത്ര എളുപ്പമുള്ള കാര്യം അല്ല.

ധാരാളം ഗാനങ്ങള്‍ കേള്‍ക്കുകയും അവ ചിട്ടപ്പെടുത്തിയ രാഗം ഏതാണെന്നു അന്യേഷിച്ചറിഞ്ഞു മനസ്സില്‍ സൂക്ഷിച്ചു വച്ചു താരതമ്യപ്പെടുത്തി നോക്കിയാല്‍ പോലും ബുദ്ധിമുട്ടുള്ള കാര്യമാണു രാഗനിര്‍ണ്ണയം. ജന്മസിദ്ധമായ വാസന, കാലാകാലങ്ങളില്‍ അനേകം ഗാനങ്ങള്‍ കേട്ടു സമ്പാദിക്കുന്ന പരിജ്ഞാനം എന്നിവ ഉള്ളവര്‍ക്കും രാഗനിര്‍ണ്ണയം അത്ര എളുപ്പമല്ല. ഗാനങ്ങളുടെ സ്വരസ്ഥാനങ്ങള്‍ക്കു പുറമേ ഓരോ ഗാനത്തിന്റെ ഭാവവും സ്വരസഞ്ചാരവും വ്യത്യസ്തം ആകുമ്പോള്‍ ഒരേ രാഗത്തിലുള്ള രണ്ടു ഗാനങ്ങള്‍ വെവ്വേറെ രാഗങ്ങളില്‍ പെട്ടതായിട്ടു അനുഭവപ്പെടാം.

ഇനിയിപ്പോള്‍ സ്വരങ്ങള്‍ കൃത്യമായി മനസ്സിലാക്കി എന്നു കരുതുമ്പോള്‍ ഗാനത്തിലെ ഷഡ്‌ജത്തിന്റെ ശ്രുതി മനസ്സിലാക്കിയതു തെറ്റിയാണു സ്വരങ്ങള്‍ തിട്ടപ്പെടുത്തിയതെന്നു കരുതുക. ശ്രുതിഭേദം എന്നതു വച്ചു നോക്കുമ്പോള്‍ രാഗം തന്നെ മാറിപ്പോയെന്നിരിക്കും! പോരെ പൂരം...

മേളകര്‍ത്താരാഗത്തിന്റെ പേരില്‍ നിന്നും അതിന്റെ ക്രമനമ്പറും സ്വരസ്ഥാനങ്ങളും കണ്ടുപിടിക്കുന്ന രീതി നമ്മള്‍ കണ്ടു. ഇനി ഒരു ഗാനം കേട്ടുകഴിയുമ്പോള്‍ അതിന്റെ സ്വരങ്ങള്‍ ക്രത്യമായി മനസ്സിലായി എന്നു കരുതുക. അതൊരു ക്രമസമ്പൂര്‍ണ്ണമേളരാഗമാണെന്നും കരുതുക. മേളകര്‍ത്താരാഗത്തിന്റെ പേരു് എങ്ങനെ കണ്ടുപിടിക്കും?

കേട്ട ഗാനത്തിന്റെ സ്വരങ്ങള്‍ ഷഡ്‌ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കൈശികിനിഷാദം, മേല്‍ഷഡ്‌ജം ആണെന്നു കരുതുക. മേളകര്‍ത്താരാഗപട്ടിക നോക്കുക


മേളകര്‍ത്താ പട്ടികയില്‍ ചതുശ്രുതിഋഷഭം വരുന്ന ചക്രം 4-ഉം 5-ഉം. അതില്‍ സാധാരണഗാന്ധാരം വരുന്നതു് 4-മതു ചക്രം വേദചക്രം. ഈ ചക്രത്തില്‍ ശുദ്ധധൈവതം വരുന്നതു് 1-ഉം 2-ഉം 3-ഉം രാഗങ്ങളില്‍. അതില്‍ കൈശികിനിഷാദം വരുന്നതു് 2-മതു രാഗത്തില്‍. അപ്പോള്‍ 6x3=18 കഴിഞ്ഞു 19-മതു രാഗം തുടങ്ങുന്ന 4-മതു ചക്രത്തില്‍ രണ്ടാമത്തെ രാഗം 20. അല്ലെങ്കില്‍ അതിന്റെ പ്രതിമദ്ധ്യമരാഗം 20+36=56, 56-മതു രാഗം. ഇവിടെ പ്രതിമധ്യമം ആയതിനാല്‍ 56-മതു രാഗം തന്നെ.

കടപയാദി പദ്ധതിയില്‍ 56 എന്ന നമ്പര്‍ തിരിച്ചിട്ടു നോക്കുമ്പോള്‍ 6 എന്നതു് ച ത ഷ എന്നതില്‍ ഏതും ആവാം. 5 എന്നതു ങ ണ മ ശ എന്നിവയില്‍ ഏതും ആവാം. മേളകര്‍ത്താരാഗങ്ങളുടെ പേരു് പരതിയാല്‍ ഷമ (ണ്‍ ചില്ലക്ഷരം/പകുതി അക്ഷരം കണക്കില്‍ എടുക്കുന്നില്ല) എന്നു കിട്ടും. ഷണ്‍മുഖപ്രിയ രാഗം.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഈ രാഗത്തിന്റെ പൂര്‍വ്വമേളസ്വരങ്ങള്‍ ഖരഹരപ്രിയയുടെ പ്രിതമദ്ധ്യമരാഗം ഹൈമവതിയുടേതും ഉത്തരമേളസ്വരങ്ങള്‍ തോടിയുടേതും ആണെന്നു മനസ്സിലാക്കിയാല്‍ 10-മത്തെ ചക്രത്തിലെ രണ്ടാമത്തെ രാഗം ആയ ഷണ്മുഖപ്രിയ ആണെന്നു മനസ്സിലാക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി രാഗനിര്‍ണ്ണം എന്ന താള്‍ പോസ്റ്റ് ചെയ്യുന്നതുവരെ കാത്തിരിക്കുക.

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.