Caution


Wednesday, June 3, 2015

ഗാനമൂര്‍ത്തി | 3-മതു മേളകര്‍ത്താരാഗം | 1-മതു ചക്രം ഇന്ദു

മേളകര്‍ത്താപദ്ധതിയിലെ മൂന്നാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ഒന്നാമത്തെ ചക്രം ഇന്ദുചക്രത്തിലെ മൂന്നാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ഗാനസാമവരാളി
പൂര്‍വ്വാംഗസ്വരങ്ങള്‍ കനകാംഗിയുടേതു്
(ഇന്ദുചക്രത്തിലെ കനകാംഗി, രത്നാംഗി, ഗാനമൂര്‍ത്തി, വനസ്പതി, മാനവതി, താനരൂപി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ കനകാംഗിയുടേതാണു്)
ചക്രത്തിലെ മൂന്നാമത്തെ രാഗം ആയതിനാല്‍ ഉത്തരാംഗസ്വരം മായാമാളവഗൗളയുടേതു്
പ്രത്യേകത : ഒരു വിവാദിസ്വരം ആയ ശുദ്ധഗാന്ധാരം അടങ്ങിയ വിവാദിരാഗം
പ്രതിമധ്യമരാഗം : ഝാലവരാളി





നാമവിശേഷം

ഗാനങ്ങളുടെ മൂര്‍ത്തി എന്നാല്‍ സംഗീതത്തെ പ്രതിനിധീകരിക്കുന്ന മൂര്‍ത്തി, ശിവന്‍. കടപയാദി പദ്ധതി പ്രകാരം ഗ=3 ന=0, 30 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 03-മതു മേളരാഗം ആണെന്നു മനസ്സിലാക്കാം.

രാഗലക്ഷണം

ഷഡ്ജം, ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം (ചതുശ്രുതി ഋഷഭത്തിന്റെ ശ്രുതിസ്ഥാനത്തു് ഗാന്ധാരം പാടുന്ന രീതി), ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളിനിഷാദം (രത്നാംഗിയിലെ കൈശികിനിഷാദത്തിനു പകരം) എന്നിവയാണു് സ്വരസ്ഥാനങ്ങള്‍.

ആലപിക്കുവാന്‍ ശ്രമകരമായ വിവാദിദോഷസ്വരമായ ശുദ്ധഗാന്ധാരം ഉള്ളതിനാല്‍ സരിഗ എന്നീ സ്വരങ്ങള്‍ വളരെ അടുത്തടുത്താണു വരുന്നതു്. ഗമകം ഇല്ലാതെ ഗാന്ധാരം നീട്ടി സരിഗാ,മ എന്നു ആലപിച്ചാല്‍ ഈ രാഗം പാടുന്നതു സൗകര്യപ്രദമായിരിക്കും. അതു പോലെ തന്നെ മേല്‍ഷഡ്ജവുമായി ചേര്‍ന്നു നില്‍ക്കുന്ന കാകളിനിഷാദം ആണു് ഈ രാഗത്തിനു വ്യക്തിത്വം കൊടുക്കുന്നതു്. പാടുമ്പോള്‍ ഗമകം ഇല്ലാതെ പധനീ,സ എന്നാലപിക്കേണ്ടതുണ്ടു്. കച്ചേരികളില്‍ ഈ രാഗം പാടുന്നതു് വളരെ വിരളമാണു്. ഇതില്‍ അധികം കീര്‍ത്തനങ്ങള്‍ ഇല്ല താനും.

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ 72 മേളകര്‍ത്താരാഗമാലികയില്‍ 'ഗാനമൂര്‍ത്തി ഋതിഘനശാസ്ത്ര' എന്നു തുടങ്ങുന്ന രണ്ടു വരികള്‍ ഗാനമൂര്‍ത്തി രാഗത്തിലാണു്
ശ്രീത്യാഗരാജസ്വമികളുടെ 'നാദതനുഅനിശം ശങ്കരം' 'ഗാനമൂര്‍ത്തേ ശ്രീകൃഷ്ണവേണുഗാനമൂര്‍ത്തേ'
ശ്രീകോടീശ്വരയ്യരുടെ 'മധുരസാരസ'
ശ്രീബാലമുരളികൃഷ്ണയുടെ 'പാഹി ജഗദീശ്വര'
ശ്രീമുത്തുസ്വാമിദീക്ഷിതരുടെ 'ബ്രിഹദീശ്വരരക്ഷാത്മാ'

ജന്യരാഗങ്ങള്‍

നാദരഞ്ജനി - സരിമധനിസ - സനിധമഗരിസ
പൂര്‍വ്വവരാളി - സരിമപധസ - സനിധപമഗരിസ
ഭിന്നപഞ്ചമം - സരിഗമപധനിസ - സനിധപമഗരിസ
സാമവരാളി(ഗാനസാമവരാളി) - സരിമപധനിസ - സനിധപമഗരിസ

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.