Caution


Wednesday, June 3, 2015

ധേനുക | 9-മതു മേളകര്‍ത്താരാഗം | 2-മതു ചക്രം നേത്ര

മേളകര്‍ത്താപദ്ധതിയിലെ ഒന്‍പതാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
രണ്ടാമത്തെ ചക്രം നേത്രചക്രത്തിലെ മൂന്നാം രാഗം (രണ്ടാം രാഗം മുതല്‍ അഞ്ചാം രാഗം വരെ വാദിസ്വരങ്ങള്‍ മാത്രം അടങ്ങിയിരിക്കുന്നു)
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ധുതിഭിന്നഷഡ്‌ജം
പൂര്‍വ്വാംഗസ്വരങ്ങള്‍ ഹനുമത്തോടിയുടെ സ്വരങ്ങള്‍
(നേത്രചക്രത്തിലെ സേനാവതി, ഹനുമത്തോടി, ധേനുക,നാടകപ്രിയ, കോകിലപ്രിയ, രൂപവതി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഹനുമത്തോടിയുടേതു തന്നെ)
ചക്രത്തിലെ മൂന്നാമത്തെ രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ മായാമാളവഗൗളയുടെ സ്വരങ്ങള്‍
പ്രത്യേകത : മനോധര്‍മ്മ സംഗീതത്തിനു ഏറെ സാദ്ധ്യതയുള്ള രാഗം
പ്രതിമധ്യമരാഗം : ശുഭപന്തുവരാളി




നാമവിശേഷം

അക്ഷയപാത്രം പോലെ എത്ര കറന്നാലും പാല്‍ വറ്റാത്ത കാമധേനുവിനെ ഈ രാഗത്തിന്റെ നാമം സൂചിപ്പിക്കുന്നുണ്ടു്. സപ്തഋഷികളില്‍ ഒരാളായ വസിഷ്ഠമുനിയുടെ പശുവായ ധേനുകയുടെ നന്ദനന്‍ ആണു് ശിവവാഹനമായ നന്ദി. കടപയാദി പദ്ധതി പ്രകാരം ടാദിനവയില്‍ (10 വ്യഞ്ജനങ്ങള്‍ അടങ്ങിയ വരികള്‍) ടഠഡഢണതഥദധ, ധ=9 ന=0, 90 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 09-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളിനിഷാദം എന്നിവയാണു് സ്വരസ്ഥാനങ്ങള്‍.

08-മതു രാഗം ഹനുമത്തോടി മുതല്‍ 11-മതു രാഗം കോകിലപ്രിയ വരെയുള്ള നേത്രചക്രത്തിലെ രാഗങ്ങളില്‍ സംവാദിസ്വരങ്ങള്‍ മാത്രമാണുള്ളതു്. 2-മതു ചക്രം മുതല്‍ 5-മതു ചക്രം വരെയും 8-മതു ചക്രം മുതല്‍ 11-മതു ചക്രം വരെയും ചക്രങ്ങളിലെ രണ്ടാം രാഗം മുതല്‍ അഞ്ചാം രാഗം വരെ സംവാദിസ്വരങ്ങള്‍ മാത്രം അടങ്ങിയ രാഗങ്ങളാണു്. ഇവകളിലെല്ലാം ധാരാളം കീര്‍ത്തനങ്ങളും ഗാനങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ടു്.

വിവാദിസ്വരങ്ങള്‍ ഒന്നും ഇല്ല. ഭക്തിഗീതങ്ങള്‍ക്കും ശോകഭാവഗീതങ്ങള്‍ക്കും ചേരുന്ന രാഗം. ഗാന്ധാരവും നിഷാദവും ആണു് രാഗഛായാസ്വരങ്ങള്‍. ഗമകമില്ലാതെ ഗാന്ധാരത്തെയും കാകളിനിഷാദത്തെയും നീട്ടി പാടുന്ന പ്രയോഗം ഈ രാഗത്തെ തോടിയില്‍ നിന്നും വേര്‍തിരിച്ചു കാണിക്കുന്നു.

ഈ രാഗത്തിലെ രി മ ധ എന്നീ സ്വരങ്ങള്‍ ആധാരഷഡ്‌ജമാക്കി ശ്രുതിഭേദം ചെയ്താല്‍ യധാക്രമം ചിത്രാംബരി, ഷണ്മുഖപ്രിയ, ശൂലിനി എന്നീ രാഗങ്ങള്‍ ആവും.

സംഗീതപാഠം

കീര്‍ത്തനങ്ങള്‍

ശ്രീ മഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ഭാനുകോടിസംകാശ മഹേശ ധേനുകാസുരമാരകവാഹന‍' എന്ന ഭാഗം ധേനുകയില്‍ ചിട്ടപ്പെടുത്തിയതാണു്.
ശ്രീത്യാഗരാജസ്വമിയുടെ 'തെലിയലേതുരാമ'.
ശ്രീകോടീശ്വരയ്യരുടെ 'കരുണൈ കടലേ'
ശ്രീമൈസൂര്‍ വാസുദേവാചാര്യയുടെ 'നിന്നേ ശരണമിതി'
ശ്രീവീണാശെഷണ്ണയുടെ 'രാമാഭിരാമാ'
ശ്രീത്യാഗരാജസ്വാമികളുടെ 'തെലിയലേരു രാമാ'

ലളിതഗാനങ്ങള്‍

മന്ത്രവും യന്ത്രവും (പവിഴമല്ലി) ടി എസ് രാധാകൃഷ്ണന്‍, എന്‍ രമേശന്‍ നായര്‍, യേശുദാസി
പ്രണാമം (ബാബ) ടി എസ് രാധാകൃഷ്ണന്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി, എം ജി ശ്രീകുമാര്‍

ചലച്ചിത്രഗാനങ്ങള്‍

'സ്വന്തമെന്ന പദത്തിനെന്തര്‍ത്ഥം' (മോഹിനിയാട്ടം) ജി ദേവരാജന്‍, ശ്രീകുമാരന്‍ തമ്പി, യേശുദാസ്

ജന്യരാഗങ്ങള്‍

മോഹനനാട്ട - സഗമപധപമപനിസ - സനിപധപമഗസ

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.