Caution


Sunday, May 31, 2015

രാഗങ്ങളിലെ സ്വരങ്ങളുടെ സ്വഭാവം

ഒരു രാഗത്തിലെ സ്വരങ്ങളെ അവയുടെ പ്രത്യേകത അനുസരിച്ചു വിഭജിച്ചിരിക്കുന്നു

ഗ്രഹസ്വരം :
ഓരോ രാഗവും തുടങ്ങുന്നതു ഒരു പ്രത്യേക സ്വരത്തില്‍ ആണു്. ഈ സ്വരത്തില്‍ ആരംഭിച്ചാല്‍ മാത്രമേ ആ രാഗത്തിന്റെ തനിമയും ഭാവവും പ്രകടിപ്പിക്കുവാന്‍ സാദ്ധ്യമാവൂ.
ഉദാ: മായാമാളവഗൗള രാഗം ഷഡ്ജം, ധൈവതം, നിഷാദം മുതലായ സ്വരങ്ങളില്‍ നിന്നും ആരംഭിക്കുന്നു. ഭൈരവി ആരംഭിക്കുന്നതു നിഷാദം, ഋഷഭം, ധൈവതം മുതലായ സ്വരങ്ങളില്‍ നിന്നാണു്.

ജീവസ്വരം :
ഒരു രാഗത്തിന്റെ ജീവഛായ പ്രകടമാക്കുന്ന സ്വരമാണു ജീവസ്വരം. രാഗത്തിന്റെ സംഗീതാത്മകമായ വ്യക്തിത്വത്തെ സ്പഷ്ടമാക്കുന്ന സ്വരങ്ങളാണു ഇവ.
ഉദാഃ ഭൈരവിയിലെ ഋഷഭം, ഗാന്ധാരം, മധ്യമം, ധൈവതം എന്നിവയും മോഹനത്തിലെ ഗാന്ധാരം ധൈവതം എന്നിവയും.

ന്യാസസ്വരം :
രാഗത്തിന്റെ സഞ്ചാരങ്ങളും പ്രയോഗങ്ങളും അവസാനിക്കുന്ന സ്വരമാണു ന്യാസസ്വരം.
ഷഡ്ജം എല്ലാ രാഗത്തിന്റെയും ന്യാസസ്വരം ആണു്.

അംശസ്വരം :
ഒരു രാഗത്തിന്റെ സംഗീതാത്മകമായ വ്യക്തിത്വത്തെ എടുത്തു കാണിക്കുന്ന വിശ്രാന്തിസ്വരമാണു അംശസ്വരം. ഇതു ഒറു രാഗത്തിന്റെ ജീവസ്വരം ആയും വരും. എല്ലാ അംശസ്വരങ്ങളും ജീവസ്വരങ്ങള്‍ ആവാം. എന്നാല്‍ എല്ലാ ജീവസ്വരങ്ങളും അംശസ്വരങ്ങള്‍ ആകണമെന്നില്ല. അംശസ്വരത്തെ കേന്ദ്രീകരിച്ചു രാഗവിസ്താരം നടത്തുന്നതു ദീര്‍ഘനേര ആലാപനത്തിനു സൗകര്യം ലഭിക്കും.

സ്വരങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയുള്ള സ്വരവിഭജനം

വാദിസ്വരം :
ഒരു രാഗത്തിന്റെ ജീവസ്വരമാണു വാദിസ്വരം. പ്രധാനപ്പെട്ട സ്വരമാകയാല്‍ ഇതിനു രാജാവിന്റെ സ്ഥാനമാണു്.

വിവാദിസ്വരം :
രണ്ടു സ്വരങ്ങള്‍ തമ്മില്‍ ഒരു ശ്രുതിയുടെ വ്യത്യാസമേ ഉള്ളു എങ്കില്‍ അവ വിവാദി സ്വരങ്ങള്‍ എന്നു പറയും. ഇവ ഒന്നിനൊന്നു ശത്രുസ്വരം ആയിട്ടാണു കണക്കാക്കുന്നതു്. ഷോഡശസ്വരങ്ങളായ ശുദ്ധഗാന്ധാരം, ഷഡ്‌ശ്രുതിഋഷഭം, ശുദ്ധനിഷാദം, ഷഡ്‌ശ്രുതിധൈവതം എന്നീ സ്വരങ്ങള്‍ ദ്വാദശസ്വരങ്ങളിലെ സ്വരങ്ങള്‍ ക്രമത്തില്‍ സാധാരണഗാന്ധാരം, അന്തരഗാന്ധാരം, ചതുശ്രുതിധൈവതം, കൈശികിനിഷാദം എന്നീ സ്വരങ്ങളുമായി സാമ്യതയുണ്ടെന്നതിനാല്‍ ഈ ഷോഡശസ്വരങ്ങളെ വിവാദിസ്വരങ്ങളെന്നും അവ അടങ്ങിയ മേളകര്‍ത്താരാഗങ്ങളെ വിവാദിമേളകര്‍ത്താരാഗങ്ങള്‍ എന്നും പറയുന്നു. മേളകര്‍ത്താ പട്ടികയിലെ ഇന്ദുചക്രം01, ഋതുചക്രം06, ഋഷിചക്രം07, ആദിത്യചക്രം12 എന്നിവയിലെ എല്ലാ രാഗങ്ങളും (6x4=24 എണ്ണം), മറ്റെല്ലാ ചക്രങ്ങളിലെ ആദ്യവും അവസാനവും ആയി വരുന്ന രാഗങ്ങളും (2x8=16 എണ്ണം) ചേര്‍ത്തു മൊത്തം 72ല്‍ 40 രാഗങ്ങള്‍ വിവാദിമേളരാഗങ്ങളാണു്. ഈ 40 വിവാദിമേളരാഗങ്ങളില്‍ ഇന്ദുചക്രം, ഋതുചക്രം, ഋഷിചക്രം, ആദിത്യചക്രം എന്നിവയിലെ ആദ്യത്തെയും ആറാമത്തേയും രാഗങ്ങളായ ക്രമത്തില്‍ കനകാംഗി, താനരൂപി, യാഗപ്രിയ, ചലനാട്ട, സാലകം, രഘുപ്രിയ, സുചരിത, രസികപ്രിയ എന്നീ 8 രാഗങ്ങളില്‍ ഈരണ്ടു വിവാദിസ്വരങ്ങള്‍ വീതം ഉണ്ടു്. ഈ സ്വരങ്ങള്‍ വാദ്യോപകരണങ്ങളില്‍ വായിക്കുവാനോ ചിട്ടപ്പെടുത്തിയ ഗാനസാഹിത്യം പാടാനോ അത്ര ബുദ്ധിമുട്ടില്ലെങ്കിലും ശ്രുതിശുദ്ധമായി ഇതിലെ സ്വരങ്ങള്‍ തെറ്റാതെ പാടുക എന്നതു വളരെ ഏറെ ശ്രമകരമാണു്.

സംവാദിസ്വരം :
പരസ്പരം ഇണങ്ങി ചേരുന്ന സ്വരങ്ങള്‍ ആണു സംവാദി സ്വരങ്ങള്‍. ദ്വാദശസ്വരങ്ങള്‍ എല്ലാം ഈ ഗണത്തില്‍ പെടും.

അനുവാദിസ്വരം :
മുകളില്‍ വിവരിച്ചതു മൂന്നിലും പെടാത്ത സ്വരങ്ങള്‍ അനുവാദി സ്വരങ്ങള്‍ എന്നു പറയും. ഒരു രാഗത്തിന്റെ സ്വരസാമ്യം ഉളവാക്കുന്ന സ്വരം കൂടിയാണിവ.

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.