Caution


Sunday, May 31, 2015

സപ്തസ്വരങ്ങള്‍ ദ്വാദശസ്വരങ്ങള്‍ ഷോഡശസ്വരങ്ങള്‍

സംഗീതത്തിനു അടിസ്ഥാനം സ്വരങ്ങളാണു്. സ്വരങ്ങള്‍ക്കു് അടിസ്ഥാനം ശ്രുതിയും. ശ്രോതാവിന്റെ കാതുകള്‍ക്കു് വേര്‍തിരിച്ചറിയുവാന്‍ സാധിക്കുന്ന ശ്രുതികളാണു് സ്വരങ്ങള്‍.

ഒരു താരതമ്യ പഠനത്തിനു നമുക്കു് സപ്തവര്‍ണ്ണങ്ങളുടെ കാര്യം എടുക്കാം. ശ്വേത വര്‍ണ്ണം ഒരു പ്രിസത്തിലൂടെ കടത്തിവിടുമ്പോള്‍ അതില്‍ അടങ്ങിയിരിക്കുന്ന സപ്തവര്‍ണ്ണങ്ങള്‍ നമുക്കു് വേര്‍തിരിച്ചറിയാന്‍ സാധിക്കുന്നു. ഒരുമിച്ചു നില്‍ക്കുമ്പോള്‍ ശ്വേതവര്‍ണ്ണമായി തന്നെ കാണുകയും ചെയ്യുന്നു. ശ്വേതവര്‍ണ്ണത്തില്‍ അടങ്ങിയിരിക്കുന്ന വര്‍ണ്ണങ്ങള്‍ VIBGYOR എന്ന ക്രമത്തില്‍ വയലറ്റ് ഇന്‍ഡിഗോ നീല പച്ച മഞ്ഞ ഓറഞ്ച് ചുവപ്പു് എന്നീ രീതിയില്‍ ആണെങ്കിലും അവയ്ക്കിടയില്‍ അനേകം വര്‍ണ്ണങ്ങള്‍ വേറെയും ഉണ്ടു്. പക്ഷെ അവ അടുത്തുള്ള വര്‍ണ്ണങ്ങളുമായി ഇഴുകിച്ചേര്‍ന്നാണിരിക്കുന്നതു്. ഏഴു വര്‍ണ്ണങ്ങളില്‍ കൂടുതല്‍ വര്‍ണ്ണങ്ങള്‍ മനുഷ്യനേത്രങ്ങള്‍ക്കു വേര്‍തിരിച്ചറിയുവാന്‍ സാധിക്കുകയും ചെയ്യും. പക്ഷെ സ്വരങ്ങളുടെ കാര്യത്തില്‍ ഇത്രയും വേര്‍തിരിവു് മനുഷ്യ ശ്രവണേന്ത്രിയത്തിനു സാധിക്കുന്നില്ല.

സപ്തവര്‍ണ്ണങ്ങള്‍ക്കു് വര്‍ണ്ണഭേദങ്ങളെന്ന പോലെ സപ്തസ്വരങ്ങള്‍ക്കു ശ്രുതിഭേദങ്ങള്‍ ഉണ്ടു്. പക്ഷെ ശ്രവണേന്ത്രിയത്തിന്റെ പരിമിതിയില്‍ അവയില്‍ ദ്വാദശസ്വരങ്ങളുടെ രീതിയില്‍ 12 സ്ഥാനങ്ങള്‍ മാത്രമാണു വേര്‍തിരിച്ചു ശ്രവിക്കുവാനും ആലപിക്കുവാനും‍ മനുഷ്യനു സാദ്ധ്യമാവുന്നതു്. (16 ഷോഡശസ്വരങ്ങള്‍ വിവരിക്കുന്നുവെങ്കിലും വാസ്തവത്തില്‍ അവിടെയും ശ്രുതിസ്ഥാനങ്ങള്‍ വാസ്തവത്തില്‍ 12 മാത്രമേ ഉള്ളു.) മൂന്നോ അ‍ഞ്ചോ സ്ഥായികളിലായി ശ്രവിക്കുന്ന സപ്തസ്വരങ്ങള്‍ മറ്റു സ്ഥായികളിലെ അതേ സ്വരങ്ങള്‍ക്കു ചേരുന്ന നാദം ആണെന്നതിനാല്‍ അഞ്ചുസ്ഥായിയിലേയും ഓരോ സ്വരസ്ഥാനങ്ങളും തമ്മില്‍ സാമ്യതയുണ്ടു്. സ്ഥായിയുടെ കാര്യത്തില്‍ മാത്രമേ ഇവ തമ്മില്‍ വ്യത്യാസം ഉള്ളു.

സപ്തസ്വരങ്ങള്‍ - 7 സ്വരങ്ങള്‍

സ എന്ന ഷഡ്ജം, രി എന്ന ഋഷഭം, ഗ എന്ന ഗാന്ധാരം, മ എന്ന മധ്യമം, പ എന്ന പഞ്ചമം, ധ എന്ന ധൈവതം, നി എന്ന നിഷാദം.

പാശ്ചാത്യ സംഗീതത്തില്‍ ഇവയുടെ പേരു് do, re, me, fa, so, la, ti എന്നാണു്.

ദ്വാദശസ്വരങ്ങള്‍ - 12 സ്വരങ്ങള്‍ (Virtual Music Keyboard)

ദ്വാദശപട്ടികയില്‍ 12 സ്വരങ്ങളില്‍ സ യും പ യും അചലസ്വരങ്ങളായതിനാല്‍ അവയ്ക്കു വകഭേദമില്ല. മറ്റു 5 സ്വരങ്ങള്‍ക്കും രണ്ടു വകഭേദം വീതം ഉണ്ടു്, കോമളവും തീവ്രവും. അങ്ങനെ മൊത്തം 12 സ്വരങ്ങള്‍.


ഷോഡശസ്വരങ്ങള്‍ - 16 സ്വരങ്ങള്‍

12 ദ്വാദശസ്വരങ്ങള്‍ക്കിടയില്‍ വേറേയും സ്വരങ്ങളുണ്ടു് എന്ന അടിസ്ഥാനത്തില്‍ ക്രമീകരിച്ചതാണു് ഷോഡശസ്വര പട്ടിക. അതിന്‍ പ്രകാരം സ്വരങ്ങള്‍ 16 ആണു്. ഇവിടെ മ ഒഴികേ മറ്റു സ്വരങ്ങള്‍ക്കു് ഓരോന്നിനും ഒരോ വകഭേദം കൂടി കൂടുതലായി കല്‍പ്പിച്ചിട്ടുണ്ടു്.

എന്നിരുന്നാലും അവയില്‍ ചില സ്വരങ്ങള്‍ തമ്മില്‍ സാമ്യമുള്ളതിനാല്‍ (അവസാനത്തെ കള്ളി ശ്രദ്ധിക്കുക) വാസ്തവത്തില്‍ മൊത്തം ശ്രുതിസ്ഥാനങ്ങള്‍ 12ല്‍ ഒതുങ്ങും.


ഷോഡശസ്വരങ്ങള്‍ 16-ഉം അതിന്റെ ശ്രുതിസ്ഥാനം വച്ചു് ആരോഹണത്തില്‍ എഴുതുമ്പോള്‍ ഷഡ്ജം, ശുദ്ധഋഷഭം, ചതുശ്രുതിഋഷഭം/ശുദ്ധഗാന്ധാരം, ഷഡ്ശ്രുതിഋഷഭം/സാധാരണഗാന്ധാരം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ചതുശ്രുതിധൈവതം/ശുദ്ധനിഷാദം, ഷഡ്ശ്രുതിധൈവതം/കൈശികിനിഷാദം, കാകളിനിഷാദം എന്ന ക്രമത്തിലാണു വരുന്നതു്. ഇവിടെ ശുദ്ധഗാന്ധാരം ഷഡ്ശ്രുതിഋഷഭത്തിനു താഴത്തെ ശ്രുതിയിലും ശുദ്ധനിഷാദം ഷഡ്ശ്രുതിധൈവതത്തിനു താഴത്തെ ശ്രുതിയിലും ആണു് വരുന്നതെന്നതു് ആശയക്കുഴപ്പത്തിനു വക നല്‍കുന്ന ഒരു കാര്യമാണു്.

മേല്‍ വിവരിച്ചതു വച്ചു നോക്കുമ്പോള്‍ സമ്പൂര്‍ണ്ണമേളകര്‍ത്താരാഗങ്ങളില്‍ ആരോഹണാരോഹണ സഞ്ചാരം വക്രം ആയി വരുന്നില്ലേ എന്ന സംശയം ജനിക്കാം. അതിനുള്ള ഉത്തരം മേളകര്‍ത്താരാഗങ്ങളുടെ അടിസ്ഥാന രാഗങ്ങളായ കനകാംഗി, തോടി, മായാമാളവഗൗള, ഖരഹരപ്രിയ, ശങ്കരാഭരണം, ചലനാട്ട എന്നിവയുടെ സ്വരസ്ഥാനങ്ങള്‍ പരിശോധിച്ചാല്‍ മാത്രം മതി.


ശുദ്ധഗാന്ധാരം വരുന്ന രാഗങ്ങളില്‍ ശുദ്ധഋഷഭം മാത്രമേ ഉള്ളു, ചതുശ്രുതിഋഷഭവും ഷ‍ഡ്ശ്രുതിഋഷഭവും ഇല്ല. ഷഡ്ശ്രുതിഋഷഭം വരുന്ന രാഗങ്ങളില്‍ അന്തരഗാന്ധാരം മാത്രമേ ഉള്ളു, ശുദ്ധഗാന്ധാരവും സാധാരണഗാന്ധാരവും ഇല്ല. ശുദ്ധനിഷാദം വരുന്ന രാഗങ്ങളില്‍ ശുദ്ധധൈവതം മാത്രമേ ഉള്ളു, ചതുശ്രുതിധൈവതവും ഷഡ്ശ്രുതിധൈവതം ഇല്ല. ഷഡ്ശ്രുതിധൈവതം വരുന്ന രാഗങ്ങളില്‍ കാകളിനിഷാദം മാത്രമേ ഉള്ളു, ശുദ്ധനിഷാദവും കൈശികിനിഷാദവും ഇല്ല.

അതിനാല്‍ 72 ക്രമസമ്പൂര്‍ണ്ണ മേളകര്‍ത്താരാഗങ്ങളിലും അവയുടെ സ്വരാക്ഷരങ്ങളും ശ്രുതിയും ആരോഹണാവരോഹണസഞ്ചാരത്തില്‍ ക്രമം ആയി തന്നെ വരും.

ചുരുക്കത്തില്‍

സപ്തസ്വരങ്ങള്‍ : 7 - സരിഗമപധനിസ (സ്വരങ്ങളുടെ ശ്രുതിയിലുള്ള വ്യത്യാസം കണക്കിലെടുക്കാതെ)

ദ്വാദശസ്വരങ്ങള്‍ : 12 - 1സ 2രി 2ഗ 2മ 1പ 2ധ 2 നി (ശുദ്ധഋഷഭം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധേവതം, ചതുശ്രുതിധൈവതം, കൈശികിനിഷാദം, കാകളിനിഷാദം


ഷോഡശസ്വരങ്ങള്‍ 16 - ഒരു സ, രണ്ടു രി, മൂന്നു ഗ, രണ്ടു മ, ഒരു പ, മൂന്നു ധ, മൂന്നു നി (ഇതില്‍ വാസ്തവത്തില്‍ ഷഡ്‌ശുതിതിഋഷഭം=സാധാരണഗാന്ധാരം, ശുദ്ധഗാന്ധാരം=ചതുശ്രുതിഋഷഭം, ഷഡ്ശ്രുതിധൈവതം=കൈശികിനിഷാദം, ശുദ്ധനിഷാദം=ചതുശ്രുതിധൈവതം)

സ്വരസഞ്ചാരം

ഖരഹരപ്രിയ, പന്തുവരാളി എന്നിവ ആലപിച്ചു നോക്കിയാല്‍ ദ്വാദശസ്വരങ്ങളുടെ 12 ശ്രുതിസ്ഥാനങ്ങളും മനസ്സിലാക്കാം.

ഖരഹരപ്രിയ - ഷഡ്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കൈശികിനിഷാദം, ഷഡ്ജം


കാമവര്‍ദ്ധിനി (പന്തുവരാളി) - ഷഡ്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളിനിഷാദം, ഷഡ്ജം


ഷോഡശസ്വരങ്ങളുടെ ശ്രുതിസ്ഥാനം മനസ്സിലാക്കാന്‍ കനകാംഗിയും രസികപ്രിയയും കൂടി  പാടി നോക്കേണ്ടിയിരിക്കുന്നു.


I. ഉദാഃ 1-മതു മേളകര്‍ത്താരാഗമായ കനകാംഗി പിരശോധിക്കാം. ഇതൊരു വിവാദി മേളകര്‍ത്താരാഗമാണു്. ഇതിന്റെ സ്വരസ്ഥാനങ്ങള്‍ ഷഡ്ജം, ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം (=ചതുശ്രുതിഋഷഭം), ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ശുദ്ധനിഷാദം (=ചതുശ്രുതിധൈവതം) എന്നവയാണു്. അതായതു്  ദ്വാദശപട്ടിക പ്രകാരം ഇതിന്റെ സ്വരസ്ഥാനങ്ങള്‍ ഷഡ്ജം, ശുദ്ധഋഷഭം, ചതുശ്രുതിഋഷഭം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ചതുശ്രുതി ധൈവതം എന്നിങ്ങനെ വരും. ഇതില്‍ രണ്ടു ഋഷഭവും രണ്ടു ധൈവതവും വരുന്നു എന്നതിനാലാണു് ഇതിനെ വിവാദിമേളകര്‍ത്താരാഗം എന്നു പറയുന്നതു്. [ദ്വാദശസ്വരങ്ങളുടെ ഭാഷയില്‍ ഈ സംപൂര്‍ണ്ണരാഗത്തിന്റെ സ്വരസ്ഥാനങ്ങള്‍ സ രി1 രി2 മ1 പ ധ1 ധ2 സ എന്നാണെന്നു പറയാം.]

II. ഉദാഃ 72-മതു മേളകര്‍ത്താരാഗമായ രസികപ്രിയ പരിശോധിക്കാം. ഇതും ഒരു വിവാദിമേളകര്‍ത്താരാഗം ആണു്. ഇതിന്റെ സ്വരങ്ങള്‍ ഷഡ്ജം, ഷഡ്ശ്രുതിഋഷഭം (=സാധാരണഗാന്ധാരം), അന്തരഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ഷഡ്ശ്രുതിധൈവതം (=കൈശികിനിഷാദം), കാകളിനിഷാദം എന്നിവയാണു്. അതായതു് ദ്വാദശപട്ടിക പ്രകാരം ഇതിന്റെ സ്വരസ്ഥാനങ്ങള്‍ ഷഡ്ജം, സാധാരണഗാന്ധാരം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം,  കൈശികിനിഷാദം, കാകളിനിഷാദം എന്നിങ്ങനെ വരും. ഇതില്‍ രണ്ടു ഗാന്ധാരവും രണ്ടു നിഷാദവും വരുന്നു എന്നതിനാലാണു് ഇതിനെ വിവാദിമേളകര്‍ത്താരാഗം എന്നു പറയുന്നതു്. [ദ്വാദശസ്വരങ്ങളുടെ ഭാഷയില്‍ ഈ സംപൂര്‍ണ്ണരാഗത്തിന്റെ സ്വരസ്ഥാനങ്ങള്‍ സ ഗ1 ഗ2 മ2 പ നി1 നി2 സ എന്നാണെന്നു പറയാം.]

ഷൊഡശസ്വരങ്ങള്‍ കേള്‍ക്കുവാന്‍ ഇവിടെ ക്ലിക്കു ചെയ്യുക

ഹര്‍മോണിയത്തില്‍ ഒരു സ്ഥായിയില്‍ കറുപ്പും വെളുപ്പും കട്ടകള്‍ ചേര്‍ന്നു 12 സ്ഥാനങ്ങള്‍ മാത്രമേ ഉള്ളു. അപ്പോള്‍ പിന്നെ 16 സ്ഥാനങ്ങള്‍ ഉള്ള ഷോഡശസ്വരങ്ങള്‍ എങ്ങനെ ഹാര്‍മോണിയത്തില്‍ വായിക്കും?

ഉത്തരം : ഏതോരു മേളകര്‍ത്താരാഗം എടുത്താലും അതില്‍ 7 സ്വരങ്ങള്‍ മാത്രമാണു് അടങ്ങിയിരിക്കുന്നതു്. 16 സ്വരങ്ങള്‍ എല്ലാം ചേര്‍ന്നു വരുന്ന ഒരു രാഗവും മേളകര്‍ത്താരാഗത്തിന്റെ ഗണത്തില്‍ ഇല്ല. ചതുര്‍ശ്രുതിഋഷഭം-ശുദ്ധഗാന്ധാരത്തിനും, ഷഡ്ശ്രുതിഋഷഭം-സാധാരണഗാന്ധാരത്തിനും, ചതുര്‍ശ്രുതിധൈവതം-ശുദ്ധനിഷാദത്തിനും, ഷഡ്ശ്രുതിധൈവതം-കൈശികിനിഷാദത്തിനും ഒരേ ശ്രുതി ആയതിനാല്‍ അതിനനുസരിച്ചു ഹാര്‍മോണിയത്തിലെ കീ തിരഞ്ഞെടുത്തു് ഉപയോഗിക്കച്ചാണു ഹാര്‍മോണിയത്തിലെ 16 സ്ഥാനങ്ങളുടെ കുറവു് പരിഹരിക്കുന്നതു്.


.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.